തൊടുപുഴ സ്വദേശി ജോർജ് മാത്യുവും അഞ്ച് സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം അഥവാ 23 കോടി ലഭിച്ചത്. ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ന്യൂസിലെ  ജീവനക്കാരനാണ് ജോർജ് മാത്യു. 175342 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം ഇവരെ തേടിയെത്തിയത്

അബുദാബി: ഒരൊറ്റ നിമിഷത്തെ ഭാഗ്യം കാത്ത് കഴിയുന്നവരാണ് മിക്കവരും. അതുകൊണ്ടുതന്നെയാണ് ഭാഗ്യക്കുറികള്‍ക്ക് പിന്നാലെ പരക്കും പായുന്നതും. ഇവിടെ മാത്രമല്ല പ്രവാസലോകത്തും ലോട്ടറിയിലൂടെ ഭാഗ്യം കടാക്ഷിച്ച നിരവധിപേരുണ്ട്. കഴിഞ്ഞ മാസത്തെ അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്‍റെ ഫലം പ്രവസലോകത്തെ മലയാളിക്കൂട്ടത്തെ 23 കോടിയാണ് കടാക്ഷിച്ചത്.

തൊടുപുഴ സ്വദേശി ജോർജ് മാത്യുവും അഞ്ച് സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം അഥവാ 23 കോടി ലഭിച്ചത്. ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ന്യൂസിലെ ജീവനക്കാരനാണ് ജോർജ് മാത്യു. 175342 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം ഇവരെ തേടിയെത്തിയത്. 

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചിരിക്കുന്നത്. അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകള്‍ മലയാളികളുടെ ഭാഗ്യരേഖയായി മാറുകയാണ്. നേരത്തെ നടന്ന രണ്ട് നറുക്കെടുപ്പുകളിലും ബിഗ് ലോട്ടറി അടിച്ചത് മലയാളികള്‍ക്കായിരുന്നു.

ജനുവരിയിലെ ബിഗ് ടിക്കറ്റിലൂടെ ആലപ്പുഴക്കാരന്‍ ഹരികൃഷ്ണനാണ് 20 കോടി സ്വന്തമാക്കിയത്. എപ്രില്‍ മാസത്തിലെ രണ്ടാം ബിഗ് ടിക്കറ്റിലെ ഭാഗ്യമാകട്ടെ മലയാളി ഡ്രൈവര്‍ ജോണ്‍ വര്‍ഗീസിനെയും മൂന്ന് കൂട്ടുകാരെയുമാണ് തേടിയെത്തിയത്.

ഇത്തവണത്തെ ബിഗ് ടിക്കറ്റില്‍ ജോര്‍ജ് മാത്യുവിനെയും കൂട്ടുകാരെയും മാത്രമല്ല ഭാഗ്യം കടാക്ഷിച്ചത്. ഒരു ലക്ഷം ദിര്‍ഹം സുള്‍ഫിക്കറലി പാലശ്ശേരിക്കും എണ്‍പതിനായിരം ദിര്‍ഹം കൈതാരത്ത് ജോസഫ് ഫ്രാന്‍സിസിനും 70,000 ദിര്‍ഹം അബ്ദുല്‍ സലീല്‍ ചിറക്കണ്ടത്തില്‍ അലിയാര്‍ക്കും 50,000 ദിര്‍ഹം ഓമനക്കുട്ടന്‍ നാരായണനും ലഭിച്ചു. ഇവരെ കൂടാതെ രണ്ട് ഇന്ത്യാക്കാര്‍ക്ക് കൂടി സമ്മാനം ലഭിച്ചിട്ടുണ്ട്.