റിയാദിലെ അബൂറഖബില്‍ ബുധനാഴ്ചയായിരുന്നു അപകടം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിനീത് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് സ്വദേശി വിനീത് (31) ആണ് മരിച്ചത്. എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരക്കേറ്റു.

റിയാദിലെ അബൂറഖബില്‍ ബുധനാഴ്ചയായിരുന്നു അപകടം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിനീത് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കും ഒരു പശ്ചിമബംഗാള്‍ സ്വദേശിക്കുമാണ് പരിക്കേറ്റത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. അപകട സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

നാല് വര്‍ഷം മുന്‍പാണ് അല്‍ അറബി അല്‍ മജാല്‍ ഗ്രൂപ്പില്‍ സാങ്കേതിക തൊഴിലാളിയായി വിനീത് സൗദിയിലെത്തിയത്. അടുത്തയാഴ്ച ഇഖാമ കാലാവധി പൂര്‍ത്തിയാവുന്നതോടെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. കമ്പനിയില്‍ രാജി നല്‍കി നടപടികള്‍ക്കായി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. വിനീതിന്റെ മൃതദേഹം നൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.