ശിഫ സനാഇയില്‍ റഷീദ് ജോലി ചെയ്തിരുന്ന കടയുടെ പിന്നിലെ മാന്‍ ഹോളിലാണ് വീണത്. രാത്രിയില്‍ മാലിന്യപ്പെട്ടിയില്‍ മാലിന്യം നിക്ഷേപിക്കാന്‍ പോകുന്നതിനിടെ തൊട്ടടുത്തുള്ള ഗോഡൗണിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അത് അടയ്ക്കാന്‍ പോയപ്പോഴായിരുന്നു അപകടം. 

റിയാദ്: മാന്‍ഹോളിന്റെ അടപ്പ് തകര്‍ന്നതിനെ തുടര്‍ന്ന് മാലിന്യ ടാങ്കില്‍ വീണ് മലയാളി മരിച്ചു. റിയാദിലെ ശിഫ സനാഇയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. മലപ്പുറം ചേങ്ങോട്ടൂര്‍ സ്വദേശി റഷീദ് (49) ആണ് മരിച്ചത്.

ശിഫ സനാഇയില്‍ റഷീദ് ജോലി ചെയ്തിരുന്ന കടയുടെ പിന്നിലെ മാന്‍ ഹോളിലാണ് വീണത്. രാത്രിയില്‍ മാലിന്യപ്പെട്ടിയില്‍ മാലിന്യം നിക്ഷേപിക്കാന്‍ പോകുന്നതിനിടെ തൊട്ടടുത്തുള്ള ഗോഡൗണിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അത് അടയ്ക്കാന്‍ പോയപ്പോഴായിരുന്നു അപകടം. മാലിന്യ ടാങ്കിന് മുകളിലുണ്ടായിരുന്ന അടപ്പില്‍ ചവിട്ടിയതോടെ അടപ്പ് തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. റഷീദിനെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ സഹപ്രവര്‍ത്തകരാണ് മാന്‍ഹോളിന്റെ അടപ്പ് തകര്‍ന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പൊലീസില്‍ അറിയിച്ചത്. പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി മാന്‍ ഹോളിനുള്ളില്‍ ക്യാമറ കടത്തി പരിശോധിച്ചപ്പോഴാണ് മലിനജലത്തിനുള്ളില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. എന്നാല്‍ പുറത്തെത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.