സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു.

റിയാദ്: സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം താനൂര്‍ സ്വദേശി കുഞ്ഞേനി (59) ആണ് മരിച്ചത്. അല്‍ ഖസീം ബുഖൈരിയയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 

സ്വദേശി പൗരന്‍ ഓടിച്ചിരുന്ന കാറുമായി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. സ്വദേശി പൗരനും പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹം ബഖൈരിയ നാഷണല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.