മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളെ സ്‍കൂളില്‍ കൊണ്ടാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കര്‍ തോണിയോട്ടാണ് മരിച്ചത്. മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളെ സ്‍കൂളില്‍ കൊണ്ടാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പിതാവ് - കുഞ്ഞൂട്ടി. മാതാവ് - ഫാത്തിമ. ഭാര്യ - സഫിയ. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഐ.സി.എഫ് മുഹൈസിന യൂണിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. 

അർബുദ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
റിയാദ്: അർബുദ രോഗ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി കക്കാട്ടു വളപ്പിൽ വീട്ടിൽ ടി. താജുദ്ദീൻ (53) ആണ് റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ചത്. പിതാവ്: പരേതനായ അബ്ദുറഹ്മാൻ, മാതാവ്: ശരീഫ, ഭാര്യ: ശഹ്‌ബാനത്ത്, മക്കൾ: സിയാനതജ്‌ലിൻ, ഫാത്തിമത്തുൽ ലിയാന. 

മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീർ കളത്തിൽ, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഉറക്കത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ കൊല്ലം, കടക്കൽ, പാങ്ങലുകാട് സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്ണൻ (60) മരിച്ചത്. 25 വർഷത്തോളം ഹൗസ് ഡ്രൈവവറായി ഖത്വീഫിലെ മുഹമ്മദിയയിൽ ജോലിചെയ്തിരുന്ന രാധാകൃഷ്ണൻ 10 വർഷം മുമ്പ് എക്സിറ്റിൽ നാട്ടിൽ പോയിട്ട് പുതിയ വിസയിൽ അടുത്തിടെയാണ് തിരിച്ചെത്തിയത്.

ദമ്മാമിലെ ഷിപ്പിങ് കമ്പനിയിൽ മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭക്ഷണം കഴിച്ച്, പതിവുപോലെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന ശേഷം രാത്രി സ്വന്തം റൂമിൽ ഉറങ്ങാൻ പോയ ആൾ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഒപ്പം താമസിച്ചിരുന്നയാൾ രാവിലെ ആറ് മണിക്ക് ജോലിക്ക് പോയിരുന്നു. രാധാകൃഷ്ണന് എട്ട് മണിമുതലാണ് ജോലി. 

സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രാധികയാണ് ഭാര്യ. രമ്യ രാധാകൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ മക്കളാണ്. 

ഖത്തറില്‍ കൊവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി
ദോഹ: ഖത്തറില്‍ ശനിയാഴ്‍ച കൊവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 82 പേര്‍ക്കാണ് രാജ്യത്ത് ശനിയാഴ്‍ച കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തന്നെ ചികിത്സയിലായിരുന്ന 173 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 13,342 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

രാജ്യത്ത് ഇപ്പോള്‍ 1296 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 3,59,028 പേര്‍ക്കാണ്. ഇവരില്‍ 3,57,057 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതുവരെ 675 കൊവിഡ് മരണങ്ങള്‍ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഏഴ് കൊവിഡ് രോഗികളാണ് ഖത്തറില്‍ ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും തീവ്ര പരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. ആകെ 26 പേരാണ് കൊവിഡ് ചികിത്സയ്‍ക്കായി ഖത്തറില്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നത്.