ചികിത്സ തുടരുന്നതിനിടയിൽ ന്യൂമോണിയ ബാധ ഉണ്ടാവുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. കൊവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.

റിയാദ്: തലച്ചോറിൽ രക്തസ്രാവമുണ്ടായി 27 ദിവസമായി സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അൽഅഹ്സ സൽമാനിയ്യയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന മലപ്പുറം മഞ്ചേരി ആനക്കയം പന്തല്ലൂർ വടക്കേക്കുണ്ട് സ്വദേശി ജാഫർ എന്നറിയപ്പെടുന്ന എൻ കെ ഷൗക്കത്ത് (44) ആണ് മരിച്ചത്. 

ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തലച്ചോറിൽ വീണ്ടും രക്തസ്രാവമുണ്ടായാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം. ചികിത്സ തുടരുന്നതിനിടയിൽ ന്യൂമോണിയ ബാധ ഉണ്ടാവുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. കൊവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെൻറലേറ്ററിലായിരുന്നു. മൃതദേഹം ഹുഫൂഫ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

25 വർഷമായി അൽഅഹ്‌സയില്‍ താമസിക്കുകയായിരുന്നു ഷൗക്കത്ത്. പിതാവ് നമ്പൻ കുന്നൻ അബ്ദുറഹ്മാൻ, മാതാവ് ഖദീജ ചാലിയാർ കുന്ന്. ഭാര്യ: സൈഫുന്നിസ, ഷിഹാബുദീൻ (ഒമ്പതാം ക്ലാസ്), മുഹമദ് ശിഹാബ് (ഏഴാം ക്ലാസ്), ആദിൽ (ഒന്നാം ക്ലാസ്) എന്നിവരാണ് മക്കൾ.