തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം അദ്ദേഹത്തെ ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ബിൻ നാസർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

റിയാദ്: കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഇസ്‍മാഈൽ മുഹമ്മദ് കണ്ണ് (56) ആണ് തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മസ്‍തിഷ്‍കാഘാതം മൂലം മരിച്ചത്.

തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം അദ്ദേഹത്തെ ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ബിൻ നാസർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 28 വർഷമായി ജീസാൻ - ഫർസാൻ കടൽ പാതയിൽ യാത്രക്കായുള്ള സ്‍പീഡ് ബോട്ട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽനിന്ന് തിരിച്ചെത്തിയത്. മൃതദ്ദേഹം ജീസാൻ ബിൻ നാസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ജീസാൻ ആർട്ട്​ ലവേഴ്‍സ്​ അസോസിയേഷൻ (ജല)യുടെ ഫിഷ് മാർക്കറ്റ് യൂനിറ്റ് കമ്മിറ്റി അംഗമായിരുന്നു. താഹ കൊല്ലേത്ത്, ജല ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ, ഏരിയ സെക്രട്ടറി അജിതൻ അവിനപ്പുള്ളി എന്നിവരുടെ മേൽനോട്ടത്തിൽ മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള നിയമ നടപടികൾ നടക്കുന്നു.