ഉച്ച തിരിഞ്ഞുള്ള വിമാനത്തിൽ നാട്ടിലേക്ക് പോവാനിരിക്കെ തലേന്ന് സുഹൃത്തിനെ സന്ദർശിച്ച് മടങ്ങിയ മലയാളി കാറിടിച്ച് മരിച്ചു.
റിയാദ്: അവധിക്കായി കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോവാനിരിക്കെ മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബൂ അരീഷിൽ വാഹനമിടിച്ചു മരിച്ചു. മഞ്ചേരി പാണായി സ്വദേശി റിയാസ് ബാബു കോർമത്ത് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞുള്ള വിമാനത്തിൽ നാട്ടിലേക്ക് പോവാനിരിക്കെ തലേന്ന് സുഹൃത്തിനെ സന്ദർശിച്ചു മടങ്ങുന്നതിനിടയിൽ കാറിടിച്ചായിരുന്നു മരണം.
ഉടൻ തന്നെ ഇദ്ദേഹത്തെ ജിസാൻ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകട സമയം പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. ബൈഷ് മിസ്‌ലിയയിൽ മിനി മാർക്കറ്റ് (ബഖാല) ജീവനക്കാരനായിരുന്ന ഇദ്ദേഹം സാമൂഹിക സംഘടനയായ 'ജല' യുടെ സജീവപ്രവർത്തകനായിരുന്നു. കൊവിഡ് കാലത്ത് ജോലി ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്ന ബൈഷിലെ പ്രവാസികൾക്കിടയിൽ വിതരണം ചെയ്യാനായി തന്റെ ജോലി സമയത്ത് പോലും ഭക്ഷണ കിറ്റ് പാക്ക് ചെയ്തും മറ്റും സജീവമായി പ്രവർത്തിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
