രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാതായപ്പോൾ സഹതാമസക്കാർ വിളിച്ചുണർത്താൻ ശ്രമിച്ചു...
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തിൽ മരിച്ചു. റിയാദിൽനിന്ന് 165 കിലോമീറ്ററകലെ മറാത്ത് പട്ടണത്തിൽ വച്ച് തിരുവനന്തപുരം നഗരൂർ പോസ്‌റ്റ് ഓഫീസ് പരിധിയിലെ കൊടുവഴന്നൂർ സ്വദേശി ശശിധരൻ ബിജു (53) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാതായപ്പോൾ സഹതാമസക്കാർ വിളിച്ചുണർത്താൻ ശ്രമിച്ചു. ചലനമറ്റ ശരീരംകണ്ട് കൂടെയുള്ളവർ പൊലീസിൽ വിവരം അറിയിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം. ഭാര്യ: ചിന്നു. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ സൗദി അറേബ്യയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സിറിയൻ ജനതക്ക് സഹായവുമായി സൗദിയുടെ മൂന്നാം വിമാനവും ദമാസ്കസിൽ പറന്നിറങ്ങി എന്നതാണ്. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി എത്തിച്ചത്. സൗദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ എസ് റിലീഫ്) സെന്‍റർ സഹായം എത്തിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്. ബുധനാഴ്ചയാണ് ദുരിതാശ്വാസ സഹായങ്ങളുമായി ആദ്യ വിമാനം റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് പുറപ്പെട്ടത്. പിന്നീട് തുടർച്ചയായി രണ്ട് വിമാനങ്ങളിൽ കൂടി അടിയന്തര സഹായം എത്തിക്കുകയായിരുന്നു. ആദ്യ ദിവസം രണ്ട് വിമാനങ്ങളിലെത്തിച്ചത് 81 ടൺ ദുരിതാശ്വാസ വസ്തുക്കളാണ്. വ്യാഴാഴ്ചയാണ് മൂന്നാം വിമാനം ദമാസ്കസിലെത്തിയത്. സഹായമെത്തിക്കൽ തുടരുന്നതിനായി റിയാദിനും ദമാസ്കസിനും ഇടയിൽ ഒരു എയർ ബ്രിഡ്ജ് തുറന്നതായി കെ എസ് റിലീഫ് ജനറൽ സൂപ്പർ വൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ പറഞ്ഞു. വരും ദിവസങ്ങളിൽ സിറിയൻ സഹോദരങ്ങൾക്കായി കരമാർഗവും സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിലെ സഹോദരങ്ങളെ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ സഹായിക്കാനും ആ ദാരുണാവസ്ഥയിൽനിന്ന് അവരെ കൈപിടിച്ചുയർത്താനും സൗദി അറേബ്യ വഹിക്കുന്ന മാനുഷികമായ ഇടപെടലിന്‍റെ ഭാഗമാണ് ഈ എയർ ബ്രിഡ്ജെന്നും അദ്ദേഹം വിവരിച്ചു.
