Asianet News MalayalamAsianet News Malayalam

ദുരിതപ്രവാസം അവസാനിപ്പിച്ച് ലൈല ബീവി നാട്ടിലേയ്ക്ക് മടങ്ങി; തുണയായത് നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടല്‍

കരാർ കാലാവധി കഴിഞ്ഞിട്ടും സ്‍പോൺസർ ഒരു പ്രാവശ്യം പോലും നാട്ടിലേയ്ക്ക് അയച്ചില്ല. 60കാരിയായ അവർക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം ടോയ്‌ലെറ്റിൽ കാൽ തെറ്റി വീണു പോയ അവർക്ക് പിന്നീട് നടക്കാൻ പോലും ബുദ്ധിമുട്ടായി. 

malayali expat laila beevi returned home with the help of navayugam
Author
Riyadh Saudi Arabia, First Published Apr 12, 2021, 9:27 PM IST

റിയാദ്: മോശം ആരോഗ്യാവസ്ഥ മൂലം ദുരിതത്തിലായ വൃദ്ധയായ വീട്ടുജോലിക്കാരി നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ  സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ ലൈല ബീവി നാല് വർഷങ്ങൾക്ക് മുമ്പാണ് സൗദി അറേബ്യയിലെ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിക്ക് എത്തിയത്. കരാർ കാലാവധി കഴിഞ്ഞിട്ടും സ്‍പോൺസർ ഒരു പ്രാവശ്യം പോലും നാട്ടിലേയ്ക്ക് അയച്ചില്ല. 60കാരിയായ അവർക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം ടോയ്‌ലെറ്റിൽ കാൽ തെറ്റി വീണു പോയ അവർക്ക് പിന്നീട് നടക്കാൻ പോലും ബുദ്ധിമുട്ടായി. എന്നാൽ സ്‍പോൺസർ വേണ്ടത്ര ചികിത്സ പോലും നൽകാതെ അവരെ അവഗണിക്കുകയായിരുന്നു.

ലൈല ബീവിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ  സാമൂഹ്യപ്രവർത്തകനായ അസീസ് ഉസ്താദ്, നവയുഗം ജീവകാരുണ്യ പ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനായി സഹായം അഭ്യർത്ഥിച്ചു. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മഞ്ജുവും, പദ്‍മനാഭൻ മണിക്കുട്ടനും ഏറെ അവശയായിരുന്ന ലൈല ബീവിയെ  കോബാർ പോലീസ്  സ്റ്റേഷനിലും പിന്നീട് ദമ്മാം വനിതാ അഭയകേന്ദ്രത്തിലും ഹാജരാക്കി കേസ് റിപ്പോർട്ട് ചെയ്‍ത ശേഷം, ജാമ്യത്തിലെടുത്ത് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.  

ഒരാഴ്ച മഞ്ജുവിന്റെ കുടുംബത്തിന്റെ പരിചരണത്തിൽ കഴിഞ്ഞപ്പോൾ, ആരോഗ്യനില ഏറെ മെച്ചപ്പെടുകയും വീൽചെയറിന്റെ സഹായമില്ലാതെ നടക്കാൻ കഴിയുന്ന അവസ്ഥയിലാവുകയും ചെയ്തു. മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് ലൈല ബീവിയ്ക്ക് ഔട്ട്പാസ് എടുക്കുകയും, തർഹീലുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയായപ്പോൾ, അസീസ് ഉസ്താത് തന്നെ വിമാനടിക്കറ്റ് എടുത്തു കൊടുത്തു. ഇതോടെയാണ് ഒരാഴ്ച കൊണ്ട് തന്നെ ലൈല ബീവിയ്ക്ക് നാട്ടിലേയ്ക്ക് പറക്കാൻ കഴിഞ്ഞത്.

Follow Us:
Download App:
  • android
  • ios