അബുദാബിയില്‍ താമസിക്കുന്ന 50കാരനായ റിയാസ്, മേയ് 27ന് വാങ്ങിയ 4330 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ സീരീസ് 391 നറുക്കെടുപ്പില്‍ വിജയിച്ചത്.
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴര കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് സിയില്‍ നടന്ന നറുക്കെടുപ്പിലാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ റിയാസ് കമാലുദ്ദീന്‍ (50) വിജയിയായത്.
അബുദാബിയില്‍ താമസിക്കുന്ന 50കാരനായ റിയാസ്, മേയ് 27ന് വാങ്ങിയ 4330 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ സീരീസ് 391 നറുക്കെടുപ്പില്‍ വിജയിച്ചത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്ന റിയാസ് സമ്മാനാര്‍ഹമായ ടിക്കറ്റ് ആറ് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് വാങ്ങിയത്. 30 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 13 വര്‍ഷമായി ഒരു ഏവിയേഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നേരത്തെ ഒറ്റയ്ക്ക് ടിക്കറ്റെടുത്തിരുന്നെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഭാഗ്യം പരീക്ഷിക്കുന്നത്.
ഭാര്യ ജിപ്‍സിന അബുദാബിയില്‍ എഞ്ചിനീയറാണ്. മുത്തമകള്‍ അഫ്റ റിയാസ് ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും രണ്ടാമത്തെ മകള്‍ ഫര്‍ഹ റിയാസ് അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് സ്‍കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമാണ്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതില്‍ പിന്നെ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 191-ാമത്തെ ഇന്ത്യക്കാരനാണ് റിയാസ്.
