സൗദി അറേബ്യയിൽ ഡ്രൈവറായിരുന്ന അക്ഷയ് നെഞ്ചു വേദനയെ തുടർന്ന് നാട്ടിൽ ചികിൽസയ്ക്കെത്തിയതായിരുന്നു.

തിരുവനന്തപുരം: ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തേമ്പാമുട്ടം ഇടക്കോണം പാറവിള വീട്ടിൽ അക്ഷയ് (30) ആണ് മരിച്ചത്. സൗദി അറേബ്യയിൽ ഡ്രൈവറായിരുന്ന അക്ഷയ് നെഞ്ചു വേദനയെ തുടർന്ന് നാട്ടിൽ ചികിൽസയ്ക്കെത്തിയതായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

പനയറക്കുന്ന് ഇടുവയിലായിരുന്നു അക്ഷയ് താമസം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്ഷയ് വീട്ടിൽ കുഴഞ്ഞു വീണത്. ഉടനെ തന്നെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ ഹരിത ദുബായിൽ നഴ്സാണ്. മകൾ നിയ.