ചികിത്സയിലിരുന്ന പ്രവാസി മലയാളി മദീനയിൽ നിര്യാതനായി. അഞ്ചു ദിവസങ്ങൾക്ക് മുമ്പ് താമസസ്ഥലത്ത് വെച്ച് പക്ഷാഘാതം ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ സുഹൃത്തുക്കൾ ആദ്യം മദീനയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
റിയാദ് : കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി. ഇരിട്ടി വട്ടക്കണ്ടി അബ്ദുൽ ജലീൽ (53) ആണ് ഞായറാഴ്ച വൈകുന്നേരം മരിച്ചത്. അഞ്ചു ദിവസങ്ങൾക്ക് മുമ്പ് താമസസ്ഥലത്ത് വെച്ച് പക്ഷാഘാതം ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ സുഹൃത്തുക്കൾ ആദ്യം മദീനയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
രണ്ടര പതിറ്റാണ്ടിലേറെയായി മദീനയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഐ.സി.എഫ് മദീന റീജനൽ ഹാർമണി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന അബ്ദുൽ ജലീൽ, മദീനയിലെ വിവിധ വെൽഫെയർ കൂട്ടായ്മകളിലും സാമൂഹിക-സാംസ്കാരിക സേവന രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പരേതരായ കുഞ്ഞാമു - നഫീസ ദമ്പതികളുടെ മകനാണ്. റഹ്മത്താണ് ഭാര്യ. മുസ്തഫ, അബ്ദുല്ല, മിസ്ഹബ്, ഫാത്തിമ എന്നിവരാണ് മക്കൾ. മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കാൻ ഐ.സി.എഫ് മദീന മുനവ്വറ റീജിയൻ കമ്മിറ്റി നേതാക്കളും മറ്റ് സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. നടപടികൾക്ക് ശേഷം മയ്യിത്ത് മദീനയിലെ ജന്നത്തുൽ ബഖീയയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


