ആറ് ടിക്കറ്റുകളാണ് രാജീവ് ഇത്തവണത്തെ നറുക്കെടുപ്പിലേക്ക് വാങ്ങിയത്. എന്നാല്‍ ഭാഗ്യമെത്തിയത് സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്.

അബുദാബി: ഭാഗ്യം പല രീതിയിലാണ് ആളുകളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. പ്രവാസി മലയാളിയായ രാജീവ് അരിക്കാട്ടിന് ഭാഗ്യമെത്തിയത് അദ്ദേഹം തെരഞ്ഞെടുത്ത പ്രത്യേകതയുള്ള സംഖ്യകളുടെ രൂപത്തിലാണ്. 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് രാജീവ് നേടിയത്. ബിഗ് ടിക്കറ്റിന്‍റെ 260-ാമത് സീരീസ് നറുക്കെടുപ്പില്‍ 037130 എന്ന ടിക്കറ്റ് നമ്പരിലൂടെ ഒറ്റ രാത്രി കൊണ്ട് അദ്ദേഹത്തിന്‍റെ ജീവിതം മാറി മറിഞ്ഞു. 

ജനുവരി 11നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം അല്‍ഐനില്‍ താമസിക്കുന്ന രാജീവിന് സമ്മാന വിവരം ആദ്യം വിശ്വസിക്കാനായില്ല. 10 വര്‍ഷത്തിലേറെയായി ഞാന്‍ അല്‍ ഐനില്‍ താമസിച്ചു വരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇതാദ്യമായാണ് എനിക്കൊരു ലോട്ടറി അടിക്കുന്നത്. ഇത്തവണ ഞാനും ഭാര്യയും ചേര്‍ന്ന് 7,13 എന്നീ സംഖ്യകള്‍ വരുന്ന ടിക്കറ്റുകളാണ് തെരഞ്ഞെടുത്തത്. എന്‍റെ മക്കളുടെ ജനന തീയതികളാണിത്. രണ്ട് മാസം മുമ്പ് ഇതേ കോമ്പിനേഷനിലുള്ള നമ്പറുകള്‍ തെരഞ്ഞെടുത്തെങ്കിലും ചെറിയ വ്യത്യാസത്തില്‍ 10 ലക്ഷം ദിര്‍ഹം നഷ്ടമായി. എന്നാല്‍ ഇത്തവണ ഭാഗ്യം തുണച്ചു രാജീവ് 'ഖലീജ് ടൈംസി'നോട് പറഞ്ഞു. 

ആറ് ടിക്കറ്റുകളാണ് രാജീവ് ഇത്തവണത്തെ നറുക്കെടുപ്പിലേക്ക് വാങ്ങിയത്. എന്നാല്‍ ഭാഗ്യമെത്തിയത് സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്. രണ്ട് ടിക്കറ്റുകള്‍ വാങ്ങിയപ്പോള്‍ ബിഗ് ടിക്കറ്റിന്‍റെ സ്പെഷ്യല്‍ ഓഫര്‍ വഴി നാല് സൗജന്യ ടിക്കറ്റുകള്‍ ലഭിച്ചെന്ന് രാജീവ് പറഞ്ഞു. വിജയിക്കുമെന്ന പ്രതീക്ഷ എപ്പോഴുമുണ്ടായിരുന്നെങ്കിലും ഇത്തവണ ആറ് ടിക്കറ്റുകള്‍ നറുക്കെടുപ്പില്‍ ഉള്ളതിനാല്‍ പ്രതീക്ഷയും കൂടുതലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read Also - വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ

ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്റയും വിളിച്ചപ്പോള്‍ സ്തബ്ധനായി പോയെന്നും ആ അനുഭവം വാക്കുകളിലൂടെ വിവരിക്കാന്‍ സാധിക്കില്ലെന്നും രാജീവ് പറയുന്നു. ഒന്നാം സമ്മാനമാണ് ലഭിച്ചതെന്ന് തീര പ്രതീക്ഷിച്ചില്ലെന്നും അതൊരു സര്‍പ്രൈസായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ മാത്രമല്ല തനിക്കൊപ്പം ടിക്കറ്റെടുത്തവരുടെയും ജീവിതം മാറ്റിമറിക്കുന്ന നിമിഷമായിരുന്നു അതെന്ന് രാജീവ് ഓര്‍ത്തെടുത്തു. 

ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന രാജീവ് മറ്റ് 19 പേരുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. 10 പേരുള്ള രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. രണ്ട് ടിക്കറ്റിന് ഇവര്‍ പണം മുടക്കി, നാല് സൗജന്യ ടിക്കറ്റുകള്‍ സ്പെഷ്യല്‍ ഓഫറിലൂടെ ലഭിച്ചു. സൗജന്യ ടിക്കറ്റിലൂടെ സമ്മാനം നേടിയതിനാല്‍ സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് രാജീവ് പറഞ്ഞു. ഓഫീസ് അസിസ്റ്റന്‍റുമാരായി ജോലി ചെയ്യുന്നവരും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെ സംഘത്തിലുണ്ട്. 1,000 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെ ശമ്പളം വാങ്ങുന്നവരുമുണ്ട്. ഇതില്‍ ജോലി നഷ്ടപ്പെട്ടവരുമുണ്ട്. എല്ലാവര്‍ക്കും ആവശ്യമുള്ള സമയത്താണ് സമ്മാനം ലഭിച്ചതെന്ന് രാജീവ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...