റിയാദ്: സൗദി അറേബ്യയിൽ വാഹനം മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ നഴ്‌സ് മരിച്ചു. അടൂർ സ്വദേശി ശിൽപ്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ബുറൈദക്കടുത്ത് അൽ ഖസീമിൽ ബദായ ജനറൽ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ദുബായിലുള്ള ഭർത്താവിനോടൊപ്പം അവധിക്കാലം ചിലവഴിക്കാൻ പുറപ്പെട്ടതായിരുന്നു. 

റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ റിയാദിനടുത്തുള്ള അൽ ഖലീജിന് സമീപം ഇവർ സഞ്ചരിച്ച വാഹനം കീഴ്‍മേൽ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.