മുംബൈ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ടോയ്‍ലറ്റില്‍ വെച്ച് പുകവലിച്ച മലയാളി അറസ്റ്റിലായി. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനത്തിലെ ഫയര്‍ അലാം മുഴങ്ങിയതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജെറോം ജെസ്സി എന്നയാളാണ് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ദോഹയില്‍ നിന്ന് മുംബൈയിലേക്ക് അര്‍ദ്ധരാത്രി 12.30നുള്ള ഇന്റിഗോ വിമാനത്തിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് വേറെ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സിഗിരറ്റുമായി യാത്രയ്ക്കെത്തിയ ഇയാള്‍ വിമാനത്താവളത്തില്‍ നിന്ന് ലൈറ്ററും വാങ്ങി. എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനകളില്‍ ഇവ കണ്ടെത്തിയില്ല. വിമാനത്തില്‍ കയറിയശേഷം പുലര്‍ച്ചെ 2.30നും 3 മണിക്കും ഇടയില്‍ സിഗിരറ്റ് പാക്കറ്റും ലൈറ്ററുമെടുത്ത് ടോയ്‍ലറ്റിലേക്ക് പോയി.

ടോയ്‍ലറ്റില്‍ വെച്ച് സിഗിരറ്റ് കത്തിച്ചതോടെ സ്‍മോക് സെന്‍സര്‍ പ്രവര്‍ത്തിക്കുകയും കോക്പിറ്റില്‍ ഫയര്‍ അലാം ശബ്ദിക്കുകയുമായിരുന്നു. ഇതോടെ പുക എവിടെയെന്ന് കണ്ടെത്താന്‍ ജീവനക്കാര്‍ പരിശോധന നടത്തി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയതോടെ ടോയ്‍ലറ്റ് പരിശോധിക്കുന്നതിനിടെയാണ് ആരോ ഉള്ളില്‍ നിന്ന് ലോക്ക് ചെയ്തിരിക്കുന്നതായി തിരിച്ചറിഞ്ഞത്. ജീവനക്കാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ ഉള്ളില്‍ പുകയുടെ സാന്നിദ്ധ്യം ജീവനക്കാര്‍ തിരിച്ചറിഞ്ഞു. രണ്ട് സിഗിരറ്റുകള്‍ ഇയാള്‍ ടോയ്‍ലറ്റില്‍ വെച്ച് കത്തിച്ചുവെന്നാണ് കണ്ടെത്തിയത്. പുലര്‍ച്ചെ 5.30ന് വിമാനം മുംബൈയില്‍ ലാന്റ് ചെയ്തപ്പോള്‍ ജീവനക്കാര്‍ സിഐഎസ്‍എഫിനും പൊലീസിനും വിവരം നല്‍കി.

വിമാനയാത്രക്കാരുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15,000 രൂപയുടെ ജാമ്യത്തില്‍ വിടുകയായിരുന്നു. വിമാനയാത്രയില്‍ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും സുരക്ഷാ പരിശോധനയില്‍ ഇത്തരം വസ്തുക്കള്‍ പിടിക്കപ്പെടാതിരുന്നത് എന്തുകൊണ്ടെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് സിഐഎസ്എഫ് വക്താവ് പറഞ്ഞത്.