വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു. കാൻസർ ബാധിതർക്ക്​ സാന്ത്വനമേകുന്ന ‘സയോൻ’ ജീവകാരുണ്യ കൂട്ടായ്മയുടെ ട്രസ്​റ്റിയായിരുന്നു.

റിയാദ്: വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു. കോട്ടയം​ മണർകാട് ഐരാറ്റുനട സ്വദേശി ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) ആണ്​ മരിച്ചത്​. പി.സി. തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്​. കാൻസർ ബാധിതർക്ക്​ സാന്ത്വനമേകുന്ന ‘സയോൻ’ ജീവകാരുണ്യ കൂട്ടായ്മയുടെ ട്രസ്​റ്റിയായിരുന്നു.

പാർപ്പിടമൊരുക്കുന്നതിനും ചികിത്സാ സഹായമെത്തിക്കുന്നതിനും ലിബു നേതൃത്വം വഹിച്ചിരുന്നു. വീട്ടിലേക്ക് പാൽ വാങ്ങാനായി വാഹനയുമായി ഇറങ്ങിയ ലിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും നി​യന്ത്രണം നഷ്​ടപ്പെട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്​തു. അപകടമറിഞ്ഞ്​ ട്രാഫിക് പൊലീസും ആംബുലൻസും എത്തുമ്പോഴേക്കും ലിബു മരിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും പ്രവർത്തനമേഖലയിൽ സജീവവുമായിരുന്ന ലിബുവിനും കുടുംബത്തിനും വലിയ സുഹൃദ് വലയമുണ്ട്. 15 വർഷമായി പ്രവാസിയായ ലിബു ദമ്മാമിൽ ഹമാദ് എസ്.എൽ ഹവാസ് ആൻഡ്​ പാർട്ണർ കമ്പനിയിൽ ജീവനക്കാരനാണ്​. മഞജുഷ ആണ് ഭാര്യ. ഏബൾ, ഡാൻ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.