ഹൃദയാഘാതം മൂലം മരിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് യാസീൻ്റെ (35) ജ്യേഷ്ഠനാണ് ആരോടും പറയാതെ നാട്ടിലേക്ക് മടങ്ങിയത്

റിയാദ്: മരിച്ചത് സഹോദരനാണെന്ന് അറിഞ്ഞിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ സ്വന്തം ജ്യേഷ്ഠ സഹോദരൻ നാട്ടിലേക്ക് മടങ്ങി. അവസാനം മലയാളി സാമൂഹിക പ്രവർത്തകർ മൃതദേഹം ഏറ്റെടുത്തു നാട്ടിലയച്ചു. കഴിഞ്ഞ മാസം നജ്‌റാനിൽ ഹൃദയാഘാതം മൂലം മരിച്ച ബംഗ്ലാദേശ് സ്വദേശി മൈമെൻസിങ് ജില്ലയിലെ മുഹമ്മദ് യാസീൻ്റെ (35) ജ്യേഷ്ഠനാണ് സ്വന്തം സഹോദരൻ്റെ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാതെയും ആരോടും പറയാതെയും നാട്ടിലേക്ക് മടങ്ങിയത്.

ഒന്നര മാസമായിട്ടും ഭർത്താവിൻ്റെ മൃതദേഹം നാട്ടിലെത്താൻ വൈകിയതിനെ തുടർന്നാണ് ഭാര്യ സോണിയ അക്തർ നജ്റാനിലെ സാമൂഹിക പ്രവർത്തകൻ സലീം ഉപ്പളയെ ബന്ധപ്പെടുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ശ്രമഫലമായി നജ്‌റാനിൽനിന്ന് സൗദിയ വിമാനത്തിൽ റിയാദ് വഴി ധാക്കയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.

യാസീന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച് നടപടികൾ പൂർത്തിയാക്കാൻ ആദ്യം വക്കാലത്ത് ഏറ്റടുത്തത് ജ്യേഷ്ഠൻ ആയിരുന്നു. പിന്നീട് ഇദ്ദേഹം ആരോടും പറയാതെ ഫൈനൽ എക്സിറ്റ് അടിച്ചു നാട്ടിൽ പോയതാണ് മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാൻ കാലതാമസം വന്നത്. ഭാര്യയും മക്കളും നാട്ടിൽനിന്ന് അറിയിച്ചതിനെ തുടർന്നാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ വിഭാഗം അംഗമായ സലീം ഉപ്പളയും അദ്ദേഹത്തോടൊപ്പം കെ.എം.സി.സി നജ്‌റാൻ വെൽഫയർ വിങ് പ്രവർത്തകരുടെയും സഹായത്താൽ മൃതദേഹം നാട്ടിലേക്ക് അയച്ചത്.