ത്രിഡി വെർച്വൽ സർജറി സാങ്കേതികവിദ്യ ഉപയോഗിച്ചാണ്  ശസ്ത്രക്രിയ നടത്തിയത്

കുവൈത്ത് സിറ്റി: ഫർവാനിയ സ്പെഷ്യലൈസ്ഡ് ഡെൻ്റൽ സെന്ററിലെ മെഡിക്കൽ സംഘം സങ്കീർണ്ണമായ താടിയെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. താടിയെല്ലിന്റെ ഇരുവശങ്ങളിലുമുണ്ടായ ഗുരുതരമായ തേയ്മാനവും, താടിയെല്ലിന്റെ സ്ഥാനചലനവും കാരണം വായ തുറക്കാനും ശ്വാസമെടുക്കാനും ഭക്ഷണം ചവയ്ക്കാനും സംസാരിക്കാനും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന മുപ്പത് വയസ്സുള്ള ഒരു രോഗിക്കാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

കുവൈത്തിന്റെ വൈദ്യശാസ്ത്ര ചരിത്രത്തിൽ ഇതുവരെ നടക്കാത്ത ഒരു നേട്ടമാണ് ഈ ശസ്ത്രക്രിയയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ത്രിഡി വെർച്വൽ സർജറി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ നടത്തിയത്. മാക്സിലോഫേഷ്യൽ സർജൻ ഡോ. അഹമ്മദ് ഘനേം അൽ കന്ദാരിയും മാക്സിലോഫേഷ്യൽ സർജറി യൂണിറ്റിലെ മെഡിക്കൽ ടീമും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ച് മാക്സിലോഫേഷ്യൽ സർജറി രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് മെഡിക്കൽ സംഘം.