എട്ടു വർഷമായി നാട്ടിൽ പോയിട്ടില്ല. ഉറങ്ങാൻ കിടന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഇന്ത്യൻ എംബസി സഹായത്തോടെ യാത്രാരേഖകൾ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

റിയാദ്: എട്ടു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് സഹോദരൻ പൊലീസിനെയും റെഡ് ക്രെസൻറിനെയും വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ റെഡ് ക്രെസൻറ് ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ അൽ ഖുറൈജി പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിസന്ധികൾ കാരണം താമസരേഖ (ഇഖാമ) പുതുക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ എട്ടു വർഷമായി ഇദ്ദേഹത്തിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രേഖകൾ ശരിയാക്കി ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് മരണം സംഭവിച്ചത്. റിയാദിൽ സഹോദരനൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. പരേതരായ മുഹമ്മദിെൻറയും സൈനബയുടെയും മകനാണ്. റുബീനയാണ് ഭാര്യ. മക്കൾ: ഫസീല, ജസീല, ഫാത്തിമ ഷഹന.

നിലവിൽ മൃതദേഹം റിയാദ് തഖസ്സുസിയിലെ സുലൈമാൻ ഹബീബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് ചുങ്കത്തറ, ഷംസു വടപുരം എന്നിവരും സഹോദരൻ അബ്ദുൽ കരീമും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.