രണ്ട് തവണ ബമ്പറടിക്കുകയെന്ന സ്വപ്നം പോലും കാണാനാകാത്ത വലിയ ഭാഗ്യമാണ് ഈ മലയാളിയെ തേടിയെത്തിയത്. 

ദുബൈ: നറുക്കെടുപ്പുകളില്‍ ബമ്പര്‍ സമ്മാനം ലഭിക്കുന്നവര്‍ ഭാഗ്യശാലികളാണെങ്കില്‍ രണ്ട് തവണ ബമ്പറടിക്കുന്നവരോ? ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പിലൂടെ അപൂര്‍വ്വമായ ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളി. ഒന്നും രണ്ടുമല്ല എട്ടര കോടി രൂപയാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

60കാരനായ പോള്‍ ജോസ് മാവേലിയാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പ് സീരീസ് 503ല്‍ ബമ്പര്‍ സമ്മാനമായ 10 ലക്ഷം ഡോളര്‍ (എട്ടര കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. മേയ് 19ന് ഓൺലൈനായി വാങ്ങിയ 3532 എന്ന ടിക്കറ്റ് നമ്പരാണ് പോളിന് സമ്മാനം നേടിക്കൊടുത്തത്. 38 വര്‍ഷമായി ദുബൈയില്‍ താമസിച്ച് വരുന്ന പോളിന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഇതേ സമ്മാനം 2016ലും ലഭിച്ചിട്ടുണ്ട്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ പ്രൊമോഷന്‍ ചരിത്രത്തില്‍ രണ്ട് തവണ വിജയിക്കുന്ന 11-ാമത്തെ ഭാഗ്യശാലിയാണ് പോള്‍. 

നേരത്തെ വിജയിയായപ്പോള്‍ 9 സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇത്തവണ 17 സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 1999ലെ തുടക്കകാലം മുതല്‍ തന്നെ ഇവര്‍ ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്ത് വരികയാണ്. ഓരോ തവണയും ഓരോരുത്തരുടെ പേരില്‍ ടിക്കറ്റ് വാങ്ങും. രണ്ട് കുട്ടികളുടെ പിതാവായ പോള്‍ ഒരു കരാര്‍ കമ്പനിയിലെ സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയാണ്. സമ്മാന വിവരം അറിഞ്ഞ് സന്തോഷം കൊണ്ട് നിറഞ്ഞ അദ്ദേഹം, ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ചു. രണ്ടാം തവണയും സമ്മാനം നേടാനായതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. 

പാകിസ്ഥാന്‍ സ്വദേശിയായ കിരന്‍ ബത്തൂലിനും ദുബൈ ഡ്യൂട്ടി ഫ്രീ സീരീസ് 502 നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ ജര്‍മ്മന്‍ സ്വദേശിയായ മാര്‍ട്ടില്‍ റെട്ടിച്ച് ബിഎംഡബ്ല്യൂ 740 ഐ സ്പോര്‍ട്ട് സ്വന്തമാക്കി. ഇറാന്‍ സ്വദേശിയായ ഫത്തോല മുസ്തഫ മൊക്താറിന് ബിഎംഡബ്ല്യൂ എഫ് 900 എക്സ്ആര്‍ ആഢംബര ബൈക്കും ലഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം