ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ദുബായ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തിരുവല്ല സ്വദേശി റീജ വര്‍ഗീസാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് വര്‍ഗീസ് കോശി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം ഓടിച്ച വര്‍ഗീസ് കോശിക്ക് നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുവെച്ചു തന്നെ റീജ മരിക്കുകയായിരുന്നു. ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തതെന്ന് പൊലീസ് അറിയിച്ചു. റീജയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി കൊണ്ടുപോയി. റാഷിദിയ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.