കൊല്ലം: ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ സുനിത മാർച്ച് നാലിനാണ് ജോലി തേടി വിദേശത്തേക്ക് പോയത്. കഴിഞ്ഞ ശനിയാഴ്ച്ചവരെ വിളിച്ചിരുന്ന അമ്മയുടെ ഫോണ്‍ വിളികള്‍ ഇല്ലാതായതോടെ വിദ്യാര്‍ത്ഥികളായ മൂന്ന് കുട്ടികള്‍ സഹായമഭ്യര്‍ത്ഥിക്കുകയാണ്.  ശ്രീലക്ഷ്മി (19)യും പ്ലസ് ടു വിദ്യാർഥിനി സീതാലക്ഷ്മിയും ഒൻപതാം ക്ലാസുകാരൻ അനന്തുവും ഒരാഴ്ച്ചയായി അമ്മയുടെ വിവരമൊന്നുമില്ലാതെ ഏറെ കഷ്ടപ്പാടിലാണ്. 

കുടുംബം ഉപേക്ഷിച്ച് പോയ അച്ഛന്‍ അനിൽകുമാർ കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. ജീവിതം പരുങ്ങലിലായതോടെയാണ് മുളവന മുക്കൂട് പുത്തൻവിളവീട്ടിൽ സുനിത ജോലിക്കായി ശ്രമിച്ചു തുടങ്ങിയത്.  ഹൗസ് മെയ്ഡ് ജോലി വാങ്ങിത്തരാമെന്ന വാഗ്ദാനം നല്‍കി മൂവാറ്റുപുഴയിലെ മാൻപവർ ഏജൻസിയിലെ സന്തോഷ് എന്നയാളാണ് സുനിതയെ ദുബായിലേക്ക് കൊണ്ടുപോയത്.  ഇതിനായി ഇയാള്‍ സുനിതയില്‍ നിന്ന് വിമാനടിക്കറ്റിനായി 10,000 രൂപ വാങ്ങി. 25,000 രൂപ ശമ്പളം കിട്ടുമെന്നായിരുന്നു ഇയാള്‍ സുനിതയെ വിശ്വസിപ്പിച്ചിരുന്നത്. 

ദുബായിൽ നിന്ന് സുനിതയെ ഇസ്മായേൽ എന്നയാൾ ഒമാനിലേക്ക് കൊണ്ടുപോയതായി കുട്ടികള്‍ പറയുന്നു. അവിടെ നാല്‌ വീടുകളിൽ ജോലി ചെയ്തു. പിന്നീട് സിറാജ് എന്നയാളുടെ ഓഫീസിൽ തടങ്കലിലാക്കിയതായും വെള്ളവും ഭക്ഷണവും നൽകാതെ കഷ്ടപ്പെടുത്തുന്നതായും സുനിത മക്കളെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് അമ്മയുടെ ഫോണ്‍ വിളികള്‍ ഉണ്ടായിട്ടില്ലെന്നും കുട്ടികള്‍ പറയുന്നു. വിസ ശരിയാക്കിയ സന്തോഷിനെ വിളിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയാണ് സിറാജിനെ വിളിച്ചപ്പോൾ ഒന്നരലക്ഷം രൂപ തന്നാൽ അമ്മയെ വിട്ടുതരാമെന്നാണ് പറഞ്ഞതെന്നും കുട്ടികള്‍ പറഞ്ഞു. 

അമ്മൂമ്മ വിലാസിനിയോടും അമ്മയുടെ സഹോദരി സിനിയുടെ കുടുംബത്തോടുമൊപ്പം വാടകവീട്ടിലാണ് കുട്ടികളുടെ താമസം. ശ്രീലക്ഷ്മിക്ക് എറണാകുളത്ത് ചെറിയ താത്കാലിക ജോലിയുണ്ട്. ഇതും അമ്മൂമ്മ വീട്ടുജോലി ചെയ്ത് കിട്ടുന്ന ചെറിയ വരുമാനവുമാണ് ഇവർക്കുള്ള ആശ്രയം. സുനിതയുടെ പാസ്പോർട്ടിന്‍റെ വിവരങ്ങളില്ലാത്തതിനാൽ നോർക്ക വകുപ്പും കൈമലർത്തുകയാണ്. മൂവാറ്റുപുഴ സ്റ്റേഷനിലും കൊല്ലം കളക്ടർക്കും കുട്ടികള്‍ പരാതി നൽകി. കളക്ടർ പരാതി പൊലീസ് കമ്മീഷണർക്ക് കൈമാറി.