ഒക്ടോബർ മൂന്ന്, നാല് തീയതികളിലായിട്ടാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നത്.
റോം: ഇറ്റലിയിൽ റോം (Rome) മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മലയാളി വനിത തേരേസ പുത്തൂരിന് (Teresa Puthur) വിജയം. ഇറ്റലിയിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ (Democratic Party ) പ്രതിനിധിയായാണ് തെരേസ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റു ചില തെരഞ്ഞെടുപ്പുകൾ പൂർത്തിയാകാനുള്ളതിനാൽ 18ന് ഔദ്യോഗിക പ്രഖ്യാപനം വരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി മലയാളികൾ തെരേസയുടെ വിജയത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു.
ഒക്ടോബർ മൂന്ന്, നാല് തീയതികളിലായിട്ടാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നത്. തെരേസയ്ക്കു വോട്ടു ചെയ്യുകയും ഇറ്റലിസ്വദേശികൾ അടക്കമുള്ളവരെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത എല്ലാവർക്കും തെരേസയും ഇലക്ഷൻ കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.
ഇടുക്കി കുമളി അട്ടപ്പള്ളം പുത്തൂർ കുടുംബാംഗമാണ് തേരേസ. അട്ടപ്പള്ളം പുത്തൂർ പരേതരായ തോമസ് ജോസഫിന്റെയും അന്നമ്മയുടെയും 10 മക്കളിൽ അഞ്ചാമത്തെയാളാണ് തെരേസ. റോമിന്റെ ചരിത്രത്തിലാദ്യമായാണ് ഇറ്റാലിയൻ പൗരത്വമുള്ള ഒരു ഇന്ത്യൻ വനിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജയിക്കുന്നതും.
മട്ടാഞ്ചേരി കല്ലറയ്ക്കൽ വക്കച്ചൻ ജോർജിന്റെ ഭാര്യയായ തെരേസ 30 വർഷത്തിലേറെയായി റോമില്‍ ജോലി ചെയ്യുന്നു. സാൻ കാർലോ ഡി നാൻസി ഹോസ്പിറ്റലിലെ നഴ്‌സാണ്. കുടിയേറ്റക്കാർക്ക് നിർണായക സ്വാധീനമുള്ള വാർഡിലാണ് ഇവര്‍ ജനവിധി തേടിയത്.
