ഡൈവിങ്ങിനിടെ ഐസകിന് ഓക്സിജൻ ലഭിക്കാതെ വരികയും ഹൃദയാഘാതം ഉണ്ടാകുകയും ചെയ്തെന്നാണ് വിവരം. 

ദുബൈ: ദുബൈയില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍പ്പെട്ട് മലയാളി യുവ എഞ്ചിനീയര്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി വേലൂര്‍ ഒലെക്കേങ്കില്‍ വീട്ടില്‍ ഐസക് പോള്‍ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഐവിന് പരുക്കേറ്റു. ഭാര്യ രേഷ്മ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ജുമൈറ ബീച്ചിൽ എത്തിയതാണ് ഐസക്. 

പെരുന്നാള്‍ ആഘോഷത്തിനിടെ പ്രവാസ ലോകത്ത് വേദനയായി മാറിയിരിക്കുകയാണ് ഐസക് പോളിന്റെ മരണം. ദുബൈ അലെക് എന്‍ജീനിയറിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഐസക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുകയായിരുന്നു. ബലിപെരുന്നാള്‍ അവധി ദിവസമായ വെള്ളിയാഴ്ച രാവിലെ ദുബൈ ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. വെള്ളത്തിനടിയില്‍ ഡൈവിങ് ചെയ്യുമ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ വരികയും തുടര്‍ന്ന് ഐസകിന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നെന്നാണ് വിവരം. ഐസക് പോളിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോള്‍-ഷീജ ദമ്പതികളുടെ മകനാണ് ഐസക് പോള്‍. മൃതദേഹം ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.