സൗദിയുടെ പുതിയ പ്രീമിയം വിമാനക്കമ്പനിയായ റിയാദ് എയർ ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചു. റിയാദിൽ നിന്നുള്ള ആദ്യ വിമാനം മുംബൈയിൽ എത്തിയതോടെ, ഇനി ദിവസേന ഇരു നഗരങ്ങൾക്കുമിടയിൽ സർവീസുണ്ടാകും. ഈ പുതിയ സർവീസ് സൗദിക്കും ഇന്ത്യയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമാകും.

റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്രീമിയം വിമാനക്കമ്പനിയായ റിയാദ് എയർ ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് തുടക്കമിട്ടു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വിമാനം സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് മുംബൈയിലെത്തി. റിയാദ് എയറിെൻറ വിമാനങ്ങൾ പറക്കുന്ന ലോകത്തെ ഒമ്പതാമത്തെ രാജ്യമാണ് ഇനി ഇന്ത്യ.

രാജ്യത്തിെൻറ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്കുള്ള ഈ പ്രവേശനം തങ്ങളുടെ പ്രവർത്തനങ്ങളിൽ വലിയൊരു നാഴികക്കല്ലും പുതിയൊരു തുടക്കവുമാണെന്ന് കമ്പനി അറിയിച്ചു. ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിലാണ് ആദ്യ യാത്ര നടന്നത്. റിയാദിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം രാത്രി എട്ടരയോടെയാണ് മുംബൈയിലെത്തിയത്. ആദ്യ വാണിജ്യ പറക്കലിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതിനിധികളും സംബന്ധിച്ചു. ഇനി മുതൽ ആഴ്ചയിൽ ഏഴ് ദിവസവും, അതായത് ദിവസേന മുംബൈയിലേക്ക് റിയാദ് എയറിന്‍റെ സർവീസുകളുണ്ടാകും. റിയാദിൽ നിന്ന് ഉച്ചയ്ക്ക് 2.05ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 8.35-നാണ് മുംബൈയിൽ ലാൻഡ് ചെയ്യുന്നത്.

മടക്ക സർവീസിൽ, മുംബൈയിൽ നിന്ന് രാത്രി 10.05ന് പുറപ്പെടുന്ന വിമാനം സൗദി പ്രാദേശിക സമയം രാത്രി 11.50ഓടെ റിയാദിൽ തിരിച്ചെത്തും. ഏകദേശം നാല് മണിക്കൂറാണ് യാത്രാ സമയം. ഇന്ത്യയിലേക്കുള്ള ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കിയ വിവരവും സന്തോഷവും റിയാദ് എയർ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. സൗദിക്കും ഇന്ത്യയ്ക്കുമിടയിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്കും പ്രവാസികൾക്കും വ്യാപാരികൾക്കും ഒരുപോലെ വലിയ ആശ്വാസമാകുന്നതാണ് ഈ പുതിയ വിമാന സർവീസ്.