റിയാദ്: മരുഭൂമിയിലെ രണ്ടുവർഷത്തിലേറെ നീണ്ട കൊടിയ ദുരിത ജീവിതത്തിൽ നിന്ന് മലയാളി യുവാവിനെ രക്ഷപ്പെടുത്തി. ആടുകളും ഒട്ടകങ്ങളുമായി സൗദി അറേബ്യയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റർ അലയാൻ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അൻഷാദിനെയാണ് രണ്ടുവർഷത്തിന് ശേഷം സൗദി പൊലീസും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും ചേർന്ന് രക്ഷപ്പെടുത്തിയത്. സ്വന്തം നാട്ടുകാരൻ കൂടിയായ വിസ ഏജന്റാണ് ചതിച്ചത്. 

സൗദി തൊഴിലുടമയുടെ ഉടമസ്ഥതയിലെ അതിഥി മന്ദിരത്തിലെ ജോലിയെന്ന് പറഞ്ഞ് പറ്റിച്ച് അമ്പതിനായിരത്തോളം രൂപക്ക് വിസ നൽകി ഇയാൾ യുവാവിനെ കെണിയിൽപ്പെടുത്തുകയായിരുന്നു. 2017ലാണ് റിയാദിലെത്തിയത്. എയർപ്പോർട്ടിൽ നിന്ന് സ്പോൺസർ കൊണ്ടുപോയത് നാനൂറ് കിലോമീറ്ററർ അകലെ സാജിർ എന്ന സ്ഥലത്തെ മരുഭൂമിയിലേക്ക്. പന്തികേട് തോന്നിയ അൻഷാദ് അന്ന് തന്നെ എതിർത്തു. എന്നാൽ മുഖമടച്ച അടിയായിരുന്നു സ്പോൺസറുടെ മറുപടി. അന്ന് തുടങ്ങിയതാണ് ദുരിതം. പത്ത് നാൽപത് ഒട്ടകങ്ങളും കുറെ ആടുകളും. അവയെ പരിപാലിക്കണം. മരുഭൂമിയിൽ കൊണ്ടുനടന്ന് മേയ്ക്കണം. കൂടെ ഒരു സുഡാനി ജോലിക്കാരൻ കൂടിയുണ്ടായിരുന്നു. അയാൾ ഒരു വർഷം കഴിഞ്ഞപ്പോൾ ഓടിപ്പോയി. രണ്ടുവർഷത്തിനിടെ രണ്ടായിരത്തിലേറെ കിലോമീറ്റർ ഈ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ട് സഞ്ചരിച്ചു. 

ഉണക്ക ഖുബുസും ഒട്ടകത്തിന് കൊടുക്കുന്ന ഉപ്പുരസമുള്ള വെള്ളവുമായിരുന്നു ഭക്ഷണം. അന്തിയുറങ്ങാൻ വിശാല മരുഭൂമി. കുളിച്ചത് രണ്ടുവർഷത്തിനിടെ രണ്ടുതവണ മാത്രം. തളർന്നിരിക്കുമ്പോഴും രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും സ്പോൺസറുടെയും മകന്റെയും ദേഹോദ്രവം. മരുഭൂമി യാത്രക്കിടയിൽ കണ്ട മറ്റ് ആട്ടിടയന്മാരുടെ ഫോണുകളിൽ നിന്ന് വീട്ടിലേക്ക് വിളിച്ച് താൻ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് ഒരിക്കൽ പറയാനായി. മാതാപിതാക്കൾ അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ രണ്ട് മാസം മുമ്പ് ഒരു രാത്രിയിൽ തമ്പിൽ നിന്ന് ഇറങ്ങിയോടി മൂന്ന് ദിവസം കൊണ്ട് നൂറിലേറെ കിലോമീറ്റർ നടന്ന് കുവൈത്ത് അതിർത്തിക്കടുത്തുള്ള സമൂദ എന്ന സ്ഥലത്തെത്തി. സമൂദ പൊലീസിൽ അഭയംപ്രാപിച്ചു. പൊലീസ് സ്പോൺസറെ വിളിച്ചുവരുത്തി. ഒരു മാസത്തിനുള്ളിൽ ശമ്പള കുടിശിക മുഴുവൻ കൊടുത്തുതീർത്ത് എക്സിറ്റ് അടിച്ച് നാട്ടിൽ വിടാമെന്ന് പൊലീസിന് എഴുതി നൽകി യുവാവിനെയും കൊണ്ട് അയാൾ തിരിച്ചുപോയി. 

വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് സാമൂഹിക പ്രവർത്തകരായ നൗഷാദ് കൊല്ലം, മുജീബ് ഉപ്പട എന്നിവർ ഈ സമയം യുവാവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ കൂടി സഹായത്തോടെ അവർ ഒടുവിൽ അന്വേഷിച്ച് സമൂദ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോൾ പൊലീസുകാർക്ക് അതിന് ഒരു മാസം മുമ്പ് ഈ യുവാവ് തങ്ങളുടെ അടുത്തെത്തിയത് ഓർമവന്നു. അവര്‍ ഉടൻ മരുഭൂമിയിൽ അന്വേഷിച്ചുപോയി തൊഴിലുടമയെ കസ്റ്റഡിയിലെടുക്കുകയും അൻഷാദിനെ കണ്ടെത്തി കൊണ്ടുവരികയും ചെയ്തു. ജോലി തുടങ്ങിയ ശേഷം ഇതുവരെ ശമ്പളം കൊടുത്തിരുന്നില്ല. 

പൊലീസ് തൊഴിലുടമയെ ലോക്കപ്പിൽ അടച്ച് വിരട്ടിയതിനെ തുടർന്ന് രണ്ടുവർഷത്തെയും മുഴുവൻ ശമ്പളവും അയാളുടെ മകൻ കൊണ്ടുവന്നു കൊടുത്തു. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ അത് പുതുക്കി ഒരാഴ്ചക്കുള്ളിൽ നാട്ടിൽ കയറ്റിവിടാനുള്ള നടപടി സ്വീകരിക്കാമെന്ന് പൊലീസിന് ഉറപ്പുകൊടുത്തിരിക്കുകയാണ് സ്പോൺസർ. യുവാവ് ഇപ്പോൾ സാമൂഹിക പ്രവർത്തകരുടെ സംരക്ഷണയിലാണ്.