Asianet News MalayalamAsianet News Malayalam

സൗദി മരുഭൂമിയിലെ 'ആടുജീവിത'ത്തില്‍ നിന്നും രക്ഷപ്പെട്ട അന്‍ഷാദ് ഇന്ന് നാട്ടിലേക്ക്

സ്വന്തം നാട്ടുകാരനായ വിസ ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് സൗദിയില്‍ നരകയാതന അനുഭവിച്ച മലയാളി യുവാവ് ഇന്ന് നാട്ടിലേക്ക്.

malayali youth  rescued  from saudi desert will return to kerala today
Author
Saudi Arabia, First Published Dec 5, 2019, 1:01 PM IST

റിയാദ്: സൗദി മരുഭൂമിയിലെ 'ആടുജീവിത'ത്തിൽ നിന്ന് രക്ഷപ്പെട്ട അൻഷാദ് ഇന്ന് വൈകിട്ട് നാട്ടിലെത്തും. വ്യാഴാഴ്ച രാവിലെ 9.45നുള്ള എയർ അറേബ്യ വിമാനത്തിലാണ് അന്‍ഷാദ് പുറപ്പെട്ടത്. നെടുമ്പാശ്ശേരിയിലെത്തുമ്പോള്‍ അണച്ചുപിടിക്കാൻ ഉപ്പ ജലാലുദ്ദീനും ഉമ്മ ലൈലയും ഭാര്യ റാഷിദയും ഏകമകൻ ഉമറുൽ ഫാറൂഖും എയർപോർട്ടിൽ എത്തും. അൻഷാദ് സൗദിയിലേക്ക് വിമാനം കയറുമ്പോള്‍ ഭാര്യ ഗർഭിണിയായിരുന്നു. അതുകൊണ്ട് തന്നെ തന്‍റെ പുന്നാര മകനെ ആദ്യമായി കാണാനുള്ള തിടുക്കത്തിലാണ് അൻഷാദ്.

സ്വന്തം നാട്ടുകാരനായ വിസ ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് സൗദി അറേബ്യയിലെ മരുഭൂമിയിൽ 'ആടുജീവിത'ത്തിലേക്ക് വലിച്ചെറിയപ്പെട്ട അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം സ്വദേശിയായ ഈ ഇരുപ്പത്തേഴുകാരനെ 10 ദിവസം മുമ്പാണ് സൗദി പൊലീസും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും ചേർന്ന് റിയാദിൽ നിന്ന് 700 കിലോമീറ്ററകലെ ഹഫർ അൽബാത്വിന് സമീപം സമൂദ എന്ന സ്ഥലെത്ത മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കി എക്സിറ്റ് നടപടികൾ പൂർത്തീകരിക്കുന്നതുവരെ റിയാദിൽ സാമൂഹിക പ്രവർത്തകരുടെ സംരക്ഷണയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് റിയാദിൽ നിന്ന് പുറപ്പെട്ടത്. സ്പോൺസറുടെ അതിഥി മന്ദിരത്തിൽ കാപ്പിയുണ്ടാക്കലാണ് ജോലിയെന്ന് പറഞ്ഞ് പറ്റിച്ചാണ് 45,000ഓളം രൂപയ്ക്ക് വിസ ഇടപാട് നടത്തി ഏജൻറ് സൗദിയിലേക്ക് വിമാനം കയറ്റിവിട്ടത്.

പക്ഷെ സൗദി തൊഴിലുടമ കൊണ്ടുപോയത് മരുഭൂമിയിൽ ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുന്ന ജോലിക്ക്. 25 മാസത്തോളം കൊടിയ യാതനയിൽ മരുഭൂമിയിൽ അലയേണ്ടി വന്നു. ആട്ടിൻപറ്റത്തോടും ഒട്ടക കൂട്ടത്തോടുമൊപ്പം രണ്ടായിരത്തോളം കിലോമീറ്റർ മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞു. തളർന്നിരുന്നുപോയാൽ തൊഴിലുടമയും മകനും ചേർന്ന് ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഒട്ടകത്തിനുള്ള വെള്ളവും മൈദ കൊണ്ടുള്ള റൊട്ടിയുമായിരുന്നു ഭക്ഷണം. രണ്ടുവർഷത്തിനിടെ കുളിച്ചത് രണ്ടോ മൂന്നോ തവണ മാത്രവും. ശമ്പളം കട്ടിയിട്ടേയില്ല. ഒരിക്കൽ രാത്രിയിൽ തമ്പിൽ നിന്ന് ഇറങ്ങിയോടി 90 കിേലാമീറ്റർ നടന്ന് മൂന്നു ദിവസം കൊണ്ട് സമൂദ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഒരു മാസത്തിനുള്ളിൽ നാട്ടിലേക്ക് അയക്കാമെന്ന് പറഞ്ഞ് സ്പോൺസർ വന്ന് തിരികെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സ്പോൺസർ പൊലീസിനെയും പറഞ്ഞുപറ്റിക്കുകയായിരുന്നു. നാട്ടിൽ അയക്കാൻ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, മരുഭൂമിയിലിട്ട് വീണ്ടും പീഡിപ്പിച്ചു.

ഹഫർ അൽബാത്വിനിലെ ഫ്രേട്ടണിറ്റി ഫോറം പ്രവർത്തകൻ നൗഷാദ് കൊല്ലം, റോയൽ ട്രാവൽസ് സൗദി പ്രതിനിധി മുജീബ് ഉപ്പട എന്നിവർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പൊലീസിനെ സമീപിച്ചതാണ് അൻഷാദിന് രക്ഷപ്പെടാൻ ഒടുവിൽ അവസരമൊരുക്കിയത്. സ്പോൺസറെ സമൂദ പൊലീസ് കസ്റ്റഡിയിലെടുക്കുകയും യുവാവിനെ മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരികയും ചെയ്തു. 25 മാസത്തെ ശമ്പളമായി 24,700 റിയാൽ ഗത്യന്തരമില്ലാതെ ഒടുവിൽ സ്പോൺസറും മകനും കൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നിട്ടും എക്സിറ്റ് നടപടികൾ പൂർത്തീകരിക്കുന്നതിൽ സ്പോൺസർ അമാന്തം വരുത്തി. എംബസി വെൽഫെയർ വിങ് ഉദ്യോഗസ്ഥൻ ഷറഫുദ്ദീെൻറ ഇടപെടലിലൂടെയാണ് ഒടുവിൽ എക്സിറ്റ് നടപടികൾ പൂർത്തീകരിച്ച് യാത്രക്ക് സൗകര്യമൊരുക്കിയത്.

Follow Us:
Download App:
  • android
  • ios