മുന്‍ഭാര്യയെ ഇലക്ട്രിക് വയര്‍ കൊണ്ട് കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന ആരോപണത്തില്‍ അറബ് യുവാവിനെ യുഎഇ കോടതി വെറുതെവിട്ടു

റാസല്‍ഖൈമ: മുന്‍ഭാര്യയെ ബലാത്സംഗം ചെയ്‍തെന്ന പരാതിയില്‍ കുറ്റാരോപിതനായിരുന്ന യുവാവിനെ റാസല്‍ഖൈമ കോടതി വെറുതെവിട്ടു. മുന്‍ ഭാര്യയെ മര്‍ദിക്കുകയും ഇലക്ട്രിക് വയര്‍ കൊണ്ട് കെട്ടിയിടുകയും ചെയ്‍തെന്നും ബോധരഹിതയായ അവരെ ബലാത്സംഗം ചെയ്‍തുവെന്നുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തനിക്ക് നേരിടേണ്ടി വന്ന ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് പകരമായി 50,100 ദിര്‍ഹം നഷ്‍ടപരിഹാരം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. കുറ്റാരോപിതനായ യുവാവ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. അതേസമയം യുവതിയുടെ ശരീരത്തില്‍ പോറലുകളേറ്റ നിരവധി പാടുകളുണ്ടായിരുന്നെന്നും ഇലക്ട്രിക് വയര്‍ പോലുള്ള വസ്‍തുകൊണ്ട് ഉപദ്രവിച്ചിട്ടുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഭാരമേറിയ വസ്‍തു കൊണ്ട് അടിച്ച അടയാളങ്ങളുണ്ടെന്നും ഫോറന്‍സിക് ഡോക്ടര്‍ കോടതിയെ ബോധിപ്പിച്ചു. സംഭവത്തിന് ഉപയോഗിച്ചെന്ന് പറയപ്പെടുന്ന ഇലക്ട്രിക് വയറില്‍ നിന്ന് യുവാവിന്റെ വിരലടയാളങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. 

പരാതിക്കാരി താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. രാത്രി 12.29ന് യുവതിയുടെ മുറിയിലേക്ക് കയറിപ്പോകുന്ന യുവാവ് 1.59ന് പുറത്തേക്ക് ഇറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദനത്തില്‍ ബോധരഹിതയായിരുന്ന തനിക്ക് 1.07നാണ് ബോധം തിരികെ കിട്ടിയതെന്നാണ് പരാതിക്കാരി പറഞ്ഞത്. അപ്പോഴാണ് പൊലീസിനെ അറിയിച്ചതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ 1.14ന് തന്നെ സംഭവ സ്ഥലം പരിശോധിക്കാന്‍ പൊലീസ് സംഘം ഇവിടെ എത്തുകയും ചെയ്‍തു. യുവതിയുടെ മൊഴി പ്രകാരം സമയക്രമത്തിലുള്ള അസ്വഭാവികത പരിഗണിക്കുമ്പോള്‍ യുവതി പറയുന്നതല്ലാത്ത മറ്റൊരു ഭാഗം കൂടി സംഭവത്തിനുണ്ടെന്ന് സംശയിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് യുവാവിനെ കോടതി വെറുതെവിട്ടത്.