ഇന്ത്യയുടെ മികച്ച വളർച്ചാ നിരക്കും ദീർഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിപ്രായപ്പെട്ടു.
ദുബൈ: ഇന്ത്യയുടെ മികച്ച വളർച്ചാ നിരക്കും ദീർഘകാല സാമ്ത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. നികുതി നിയമങ്ങൾ ലളിതമാക്കിയും, വലിയ നിക്ഷേപസാധ്യകൾക്ക് അവസരം തുറന്നും സുസ്ഥിരമായ വികസന അന്തരീക്ഷമാണ് വ്യക്തമാകുന്നത്. വ്യവസായ ലോകത്തിനും പ്രവാസികൾക്കും യുവജനതയ്ക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.
പ്രവാസി സമൂഹത്തിനും പ്രതീക്ഷ നൽകുന്നതാണ് ബജറ്റ്. പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റ്മന്റ് സ്‌കീം (പിഐഎസ്) വഴി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരം, വ്യക്തിഗത നിക്ഷേപ പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനം ആയി ഉയർത്തിയത്, എല്ലാ പിആർഓഐകൾക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തിൽ നിന്ന് 24 ശതമാനം ആക്കി വർധിപ്പിച്ചത്, ഫെമ നിയമങ്ങൾ അവലോകനം ചെയ്യുമെന്ന പ്രഖ്യാപനം തുടങ്ങിയവ മികച്ച പ്രവാസി നിക്ഷേപങ്ങൾക്ക് കൂടി ഊർജ്ജമേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ടെക്നോളജി രംഗത്തിന് നൽകുന്ന പിന്തുണ, മികച്ച തൊഴിലവസരങ്ങൾക്ക് വഴിതുറക്കും. ചെറുകിട വ്യവസായങ്ങൾക്ക് പതിനായിരം കോടിയിലേറെ വകയിരുത്തിയതിലൂടെ ആഗോള ഉത്പാദക ഹബ്ബായി ഇന്ത്യ മാറുന്നതിന് വേഗതപകരും. കാർഷിക മേഖല്യ്ക്കും സ്ത്രീ സംരംഭങ്ങൾക്കും പിന്തുണ നൽകുന്നതാണ് പ്രഖ്യാപനങ്ങൾ. ഉള്‍നാടൻ ജലപാതകൾ, ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ്ങ് ഹബ് തുടങ്ങി അടിസ്ഥാന വികസനത്തിലും ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്നും യൂസഫലി വിശദമാക്കി.

