റിയാദ്: സൗദി അറേബ്യയിലെ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ വാതിലൂടെ പ്രവേശിക്കാം. വെവ്വേറെ പ്രവേശന കവാടങ്ങളെന്ന വിവേചനത്തിന് അവസാനം. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു കവാടവും ബാച്ചിലർമാർക്ക് വേറെ കവാടവും എന്നതായിരുന്നു രീതി. 

നിബന്ധനകളിൽ മാറ്റം വരുത്തിയ വിവരം സൗദി മുനിസിപ്പൽ ഗ്രാമീണ കാര്യ മന്ത്രാലയം ഇന്നലെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാൽ റസ്റ്റോറൻറുകളിലും കഫേകളിലും നടത്തിപ്പുകാര്‍ക്ക് വെവ്വേറെ കവാടങ്ങൾ തുടരാം. അത് നടത്തിപ്പുകാരുടെ ഇഷ്ടത്തിന് വിട്ടു. സ്ത്രീക്ക് ഒറ്റയ്ക്ക് ഹോട്ടലുകളിൽ മുറികളെടുക്കുന്നതിനും താമസിക്കുന്നതിനുമുള്ള വിലക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ എടുത്തുകളഞ്ഞിരുന്നു.

റസ്റ്റോറന്‍റുകളിലെ കവാട വിവേചനം അവസാനിപ്പിക്കുന്നതടക്കം വാണിജ്യ സ്ഥാപനങ്ങൾക്കും മറ്റും ബാധകമായിരുന്ന 103 നിബന്ധനകളിൽ മാറ്റം വരുത്താനാണ് മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അംഗീകാരം നൽകിയത്.