കുവൈത്ത്: മന്ത്രവാദിനിയാണെന്ന് സ്വപ്‌നം കണ്ടതോടെ മാതാവിനെ വധിക്കാന്‍ ശ്രമിച്ച മകന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഹവാലി ഗവര്‍ണറേറ്റിലെ അല്‍ സല്‍മിയ ഏരിയയിലാണ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ മകന്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

ഒരു യുവാവ് മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന യുവാവിനെയാണ് ഉദ്യോഗസ്ഥര്‍ കണ്ടത്. തുടര്‍ന്ന് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അനുനയിപ്പിച്ച ഉദ്യോഗസ്ഥര്‍ ഇയാളുടെ കയ്യില്‍ നിന്നും കത്തി മാറ്റി. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാതാവ് മന്ത്രവാദിനിയാണെന്ന് സ്വപ്‌നം കണ്ടെന്നും ദുര്‍മന്ത്രവാദം ചെയ്യുന്നതില്‍ നിന്നും മാതാവിനെ തടയാനാണ് വധശ്രമം നടത്തിയതെന്നും യുവാവ് ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ മകനെതിരെ കേസുകൊടുക്കാന്‍ മാതാവ് തയ്യാറായില്ല. മകന്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് മാതാവ് പ്രതികരിച്ചത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് യുവാവെന്നും ഇയാളെ ഫെബ്രുവരിയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.