അജ്മാന്‍: വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് യുവതിയെ ബ്ലാക് മെയില്‍ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. 23കാരനായ ഏഷ്യക്കാരനെയാണ് അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ പഴയ നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ യുവതികളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമായത്. ഗ്രൂപ്പിലെ അംഗങ്ങളൊന്നും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

20കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ തന്റെ മോശം ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാരുന്നു പരാതി. യുവതിയും സുഹൃത്തുക്കളും അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പില്‍ ഇവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഗ്രൂപ്പില്‍ അംഗമായിരുന്ന ഒരാള്‍ ഒരു വര്‍ഷം മുന്‍പ് തന്റെ മൊബൈല്‍ നമ്പര്‍ മാറ്റിയിരുന്നു. എന്നാല്‍ ഈ നമ്പര്‍ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പ്രതിയായ യുവാവ് മൊബൈല്‍ കണക്ഷനെടുത്തപ്പോള്‍ ഇതേ നമ്പറാണ് ലഭിച്ചത്. വാട്സ്ആപ് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ ഗ്രൂപ്പിലെ സന്ദേശങ്ങളും ചിത്രങ്ങളും ഇയാള്‍ക്കും ലഭിക്കാന്‍ തുടങ്ങി.

യുവതിയുടെ ഒരു ചിത്രം മറ്റൊരു പുരുഷന്റെ ചിത്രത്തോടൊപ്പം ചേര്‍ത്ത് എഡിറ്റ് ചെയ്താണ് പ്രതി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. തനിക്ക് പരിചയം പോലുമില്ലാത്ത ഒരാളുടെ ചിത്രമായിരുന്നു എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തത്. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിനെ സമീപിച്ചു. ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി അല്‍ ഹാമിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഏത് തരം കടന്നുകയറ്റവും കുറ്റകരമാണെന്നും അദ്ദേഹം അറിയിച്ചു.