ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് വീട്ടില്‍ അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്. ലഹരി വസ്തുക്കൾ കൃഷി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വലിയ സംവിധാനമാണ് വീട്ടില്‍ സജ്ജീകരിച്ചിരുന്നത്.

കുവൈത്ത് സിറ്റി: വീടിനുള്ളില്‍ കഞ്ചാവ് കൃഷി. കുവൈത്തിലാണ് സംഭവം. സബാഹ് അൽസലേമിലെ ഒരു ബിദൂനിയുടെ വീട്ടിൽ സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ലഹരി വസ്തുക്കൾ കൃഷി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വലിയ സംവിധാനമാണ് വീട്ടില്‍ സജ്ജീകരിച്ചിരുന്നത്.

വീടിനു ചുറ്റുമുള്ള അസാധാരണമായ നീക്കങ്ങളും സംശയാസ്പദമായ പ്രവർത്തനങ്ങളും ഡിറ്റക്ടീവുകൾ ദിവസങ്ങളോളം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. മയക്കുമരുന്ന് കൃഷി ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിച്ച ശേഷം ഉദ്യോഗസ്ഥർ ആവശ്യമായ നിയമപരമായ അനുമതികൾ നേടുകയും റെയ്ഡ് നടത്തുകയും ചെയ്യുകയുമായിരുന്നു. സാധാരണമെന്ന് തോന്നുന്ന ഒരു വീടിനുള്ളിലാണ് കഞ്ചാവ് കൃഷി ചെയ്തത്. കഞ്ചാവ് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക ലൈറ്റിംഗ് സംവിധാനങ്ങൾ, വെന്‍റിലേഷൻ യൂണിറ്റുകൾ താപനില നിയന്ത്രണ ഉപകരണങ്ങൾ, എന്നിവയുള്ള ഒരു സങ്കീർണ്ണമായ ഇൻഡോർ കഞ്ചാവ് കൃഷിയിടമാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പരിശോധനയിൽ 27 കഞ്ചാവ് തൈകൾ, വിൽപ്പനയ്ക്ക് തയ്യാറാക്കിയ ഒരു കിലോഗ്രാം സംസ്കരിച്ച കഞ്ചാവ്. 50 ഗ്രാം കഞ്ചാവ് വിത്തുകൾ മരുന്നുകൾ തൂക്കാനും പായ്ക്ക് ചെയ്യാനും ഉപയോഗിക്കുന്ന 2 ഇലക്ട്രോണിക് സ്കെയിലുകൾ എന്നിവ പിടിച്ചെടുത്തു

പ്രതി വ്യക്തിപരമായ ഉപയോഗത്തിനും നിയമവിരുദ്ധ വ്യാപാരത്തിനുമായി കഞ്ചാവ് ചെടികൾ കൃഷി ചെയ്തിരുന്നതായും നിയന്ത്രിത പരിസ്ഥിതി മുതലെടുത്തതായും അധികൃതർ വെളിപ്പെടുത്തി. ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും കൂടുതൽ നിയമനടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് കൈമാറുകയും ചെയ്തു.