ഇതേ യുവാവ് തന്നെ സമാന രീതിയിലുള്ള കുറ്റകൃത്യം സൗദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ സകാകായിലും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.  

റിയാദ്: സൗദി അറേബ്യയില്‍ അമിതവേഗത്തില്‍ കാറോടിച്ച് വേഗത നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ക്കുകയും കാറിന് പിന്നില്‍ ഇത് വലിച്ചുകൊണ്ട് പോകുകയും ചെയ്ത സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാന്‍ഡ് ക്രൂയിസര്‍ സ്പീഡ് റഡാര്‍ വലിച്ചു കൊണ്ട് പോകുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ അല്‍ ജൗഫ് പ്രവിശ്യയുടെ ഭാഗമായ ദുമാത് അല്‍ ജന്‍ഡല്‍ ഗവര്‍ണറേറ്റിലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഇതേ യുവാവ് തന്നെ സമാന രീതിയിലുള്ള കുറ്റകൃത്യം സൗദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ സകാകായിലും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. 

ഇരിക്കാന്‍ അനുവദിക്കുന്നില്ല; വിദേശിക്കെതിരെ പരാതിയുമായി സൗദി യുവതി

റിയാദ്: സൗദി അറേബ്യയിലെ റിയാദ് നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജീവനക്കാരിയുടെ പരാതി. ഉപയോക്താക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലി സമയമായ എട്ടു മണിക്കൂറിനിടെ ഇരിക്കാന്‍ പാടില്ലെന്നാണ് വിദേശ മാനേജര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് യുവതി പറയുന്നു.

തന്റെ സഹപ്രവര്‍ത്തകരായ പുരുഷ ജീവനക്കാരും മാനേജര്‍മാരും ജോലിക്കിടെ ഇരിക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ ഇല്ലെങ്കിലും ജോലി സമയത്ത് ഇരിക്കാന്‍ പാടില്ലെന്നാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശം. എട്ടു മണിക്കൂര്‍ നീണ്ട ജോലി സമയത്ത് താന്‍ ഇരിക്കുന്നത് തടയാന്‍ മാനേജര്‍ കസേര നീക്കം ചെയ്തതായും യുവതി ഉപയോക്താക്കളില്‍ ഒരാളോട് രഹസ്യമായി പറയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തില്‍ ഉപയോക്താക്കളെ സ്വീകരിക്കാന്‍ നിയോഗിച്ച സൗദി യുവതിയെയാണ് ഉച്ചയ്്ക്ക് രണ്ട് മുതല്‍ രാത്രി 11 വരെ നീളുന്ന ഡ്യൂട്ടി സമയത്ത് വിദേശ മാനേജര്‍ ഇരിക്കുന്നതില്‍ നിന്ന് വിലക്കിയത്. 

സൗദി യുവതിയെ ഡ്യൂട്ടിക്കിടെ ഇരിക്കുന്നത് വിദേശ മാനേജര്‍ വിലക്കുന്നതായി സൗദി പൗരന്‍ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ പരാതിപ്പെട്ടു. പ്രശ്‌നത്തില്‍ ഇടപെട്ടതായും മുഴുവന്‍ നിയമനടപടികളും സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ജീവനക്കാര്‍ അനുയോജ്യമായ തൊഴില്‍ സാഹചര്യം സാധ്യമാക്കാന്‍ സ്ഥാപനത്തോട് നിര്‍ദ്ദേശിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.