റിയാദ്: പൊള്ളലേല്‍പ്പിച്ചുള്ള ചികിത്സാരീതിയിലൂടെ അസുഖങ്ങള്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന് അവകാശവാദം ഉന്നയിച്ച് തട്ടിപ്പ് നടത്തിയയാള്‍ സൗദി അറേബ്യയില്‍ പിടിയില്‍. റിയാദിലെ ഒരു ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടമെന്റില്‍ നിന്ന് ഇയാളെ പിടികൂടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഹായിലില്‍ നിന്ന് റിയാദിലെത്തി ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചാണ് ഇയാള്‍ നിയമ വിരുദ്ധ ചികിത്സ നടത്തിയത്. പൊള്ളലേല്‍പ്പിച്ചുള്ള ചികിത്സാ രീതിയിലൂടെ അസുഖങ്ങള്‍ ഭേദമാക്കാനാകുമെന്ന അവകാശവാദം ഉന്നയിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തുടര്‍ നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു.