ഈദ് പ്രാര്‍ത്ഥനാ ഹാളിന്റെ പിന്നിലെ വെളിച്ചമില്ലാതെ വിജനമായ സ്ഥലത്തായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വാഹനം എഞ്ചിന്‍ ഓഫ് ചെയ്യാത്ത നിലയില്‍ പാര്‍ക്ക് ചെയ്തത്. വാഹനത്തിന്റെ പിന്‍ സീറ്റില്‍ കയറിയ പ്രതി ഒരു വില്ലയില്‍ നിന്ന് മോഷ്ടിച്ച തോക്ക് കാട്ടി ഭീഷണിപ്പെടുത്തി.

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഈദ് മുസല്ലയ്ക്ക് പിന്നില്‍ 39കാരനായ സ്വദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മൃതദേഹം കണ്ടെത്തി 48 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. 31കാരനായ ചൈനക്കാരനാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മൃതദേഹം പരിശോധിച്ച ഫോറന്‍സിക് ഡോക്ടര്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ അന്വേഷണം ആരംഭിക്കുകയായിരുന്നെന്ന് പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹമീദ് മുഹമ്മദ് അല്‍ യമഹി പറഞ്ഞു. കൊലപാതകം നടന്ന സ്ഥലവും കൊല്ലപ്പെട്ടയാളുടെ വാഹനവും പരിശോധിച്ചതിലൂടെയാണ് നിര്‍ണായക വിവരം ലഭിച്ചത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഡേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് അല്‍ ഷേറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് മോഷണവസ്തുക്കളുമായി പ്രതി അറസ്റ്റിലായി. 

ഈദ് പ്രാര്‍ത്ഥനാ ഹാളിന്റെ പിന്നിലെ വെളിച്ചമില്ലാതെ വിജനമായ സ്ഥലത്തായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വാഹനം എഞ്ചിന്‍ ഓഫ് ചെയ്യാത്ത നിലയില്‍ പാര്‍ക്ക് ചെയ്തത്. വാഹനത്തിന്റെ പിന്‍ സീറ്റില്‍ കയറിയ പ്രതി ഒരു വില്ലയില്‍ നിന്ന് മോഷ്ടിച്ച തോക്ക് കാട്ടി ഭീഷണിപ്പെടുത്തി. വാഹനത്തിന് പുറത്തേക്കിറങ്ങിയ യുവാവിനെ പ്രതി വെടിവെക്കുകയായിരുന്നു. യുവാവിന്റെ പഴ്‌സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona