വിമാനമിറങ്ങിയ ഇയാള്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതെന്ന് കസ്റ്റംസ് ഓഫീസര്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു.

മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി. 30 വയസുകാരനായ യുവാവിനെതിരെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. 

പിടിയിലായത് പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബഹ്റൈനില്‍ വിമാനമിറങ്ങിയ ഇയാള്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതെന്ന് കസ്റ്റംസ് ഓഫീസര്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിച്ച് സമാധാനമായിരിക്കാന്‍ ഉപദേശിക്കുകയും അതേസമയം തന്നെ വിമാനത്താവളത്തിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

വയറിന്റെ എക്സ് റേ പരിശോധിച്ചപ്പോള്‍ വൃത്താകൃതിയിലുള്ള ചില അസ്വഭാവിക വസ്‍തുക്കള്‍ ശ്രദ്ധയില്‍പെട്ടു. ഇതോടെ യുവാവിനെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ച് എട്ട് ദിവസം കൊണ്ടാണ് ഇയാള്‍ നൂറോളം മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു. ഹാഷിഷും ക്രിസ്റ്റല്‍ മെത്തുമടങ്ങുന്ന 96 മയക്കുമരുന്ന് ഗുളികകള്‍ ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ഇയാള്‍ സമ്മതിച്ചു. കേസിന്റെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും.

Read more: ജോലിക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന സ്‍ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; പ്രവാസി വനിത അറസ്റ്റില്‍

മയക്കുമരുന്നുമായി പിടിയിലായ മൂന്ന് പ്രവാസികള്‍ക്ക് വധശിക്ഷ
​​​​​​​കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ. ക്രിമിനല്‍ കോടതി ജഡ്ജി ഹമദ് അല്‍ മുല്ലയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

169 കിലോഗ്രാം മയക്കുമരുന്നും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനുമാണ് പ്രതികള്‍ സമുദ്ര മാര്‍ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ബബിയാന്‍ ദ്വീപിന് സമീപത്തുവെച്ച് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസ് ക്രിമിനല്‍ കോടതിയില്‍ എത്തിയ ശേഷം വിശദമായ അന്വേഷണവും വാദവും നടന്നു. വിചാരണയ്ക്കിടെ പ്രതികള്‍ മൂന്ന് പേരും കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് ഒരു ബോട്ടില്‍ വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുവന്നതായി ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പേര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു.

Read also: യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്