എക്‌സറേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 437 ക്യാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. ഇതിന് 400 ഗ്രാം ഭാരമുണ്ട്.
മനാമ: ഈന്തപ്പഴത്തിനുള്ളിലൊളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ലാറിക ഗുളികകള്‍ കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ യുവാവിനെയാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത്.
ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയ 23കാരനായ യുവാവിന്റെ പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയം തോന്നി. ഇതോടെ ഇയാളുടെ ലഗേജ് വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. എക്‌സറേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 437 ക്യാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. ഇതിന് 400 ഗ്രാം ഭാരമുണ്ട്. ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി, ലഹരിമരുന്ന് കടത്തിയെന്ന കുറ്റം നിഷേധിച്ചു. പ്രമേഹമുള്ള ഒരു ബന്ധുവിന്റെ ചികിത്സയ്ക്കായാണ് ഗുളികകള്‍ എത്തിച്ചതെന്നാണ് യുവാവ് പറഞ്ഞത്. തന്റെ ബന്ധുവിന്റെ ഭാര്യ, ബഹ്‌റൈനിലുള്ള ഭര്‍ത്താവിന് കൊടുക്കാനായി ഏല്‍പ്പിച്ചതാണ് ഗുളികകളെന്നും പ്രമേഹ ചികിത്സക്കായാണ് ഇതെന്ന് യുവതി പറഞ്ഞതായും പാകിസ്ഥാന്‍ പൗരന്‍ കോടതിയില്‍ പറഞ്ഞു.
ഇത് രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നും യുവതിയാണ് ഈന്തപ്പഴത്തിനുള്ളില്‍ ഗുളികകള്‍ വെച്ച് തന്നതെന്നുമാണ് യുവാവ് വാദിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ രീതിയില്‍ ഗുളികകള്‍ ഈന്തപ്പഴത്തിനുള്ളില്‍ പ്രതി ഒളിപ്പിക്കുകയായിരുന്നെന്നും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പരിശോധന നടത്തിയതെന്നും 35കാരനായ ഡിറ്റക്ടീവ് പ്രോസിക്യൂട്ടര്‍മാരോട് വെളിപ്പെടുത്തി. കേസിന്റെ വിചാരണ കോടതി ചൊവ്വാഴ്ച വരെ നീട്ടിവെച്ചിരിക്കുകയാണ്.
Read More - അപ്പാര്‍ട്ട്മെന്റിന്റെ വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 61 വയസുകാരനെ കൊന്ന പ്രവാസിക്ക് വധശിക്ഷ
കഴിഞ്ഞ ദിവസം കുവൈത്തില്‍ ലഹരിമരുന്നുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്ന് നാല്‍പ്പത് കിലോഗ്രാം ഹാഷിഷ്, 150,000 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ തോക്കുകളും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടി.
Read More- സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 772 കിലോ ഹാഷിഷ് പിടികൂടി, 80 പേര്‍ അറസ്റ്റില്‍
131 കിലോഗ്രാം ഹാഷിഷും കഴിഞ്ഞ ദിവസം കുവൈത്തില്‍ പിടിച്ചെടുത്തിരുന്നു. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഇറാനില്‍ നിന്നെത്തിയ ഹാഷിഷ് ആണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നീട് തിരികെ എടുക്കാനായി കടലില്‍ ലഹരിമരുന്ന് നിക്ഷേപിച്ചെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
