ദുബൈ: കുഞ്ഞിന്റെ ജനനം ആഘോഷിക്കാന്‍ അപകടകരമായ തരത്തില്‍ വെടിക്കെട്ട് നടത്തിയ പിതാവ് അറസ്റ്റിലായി. ജനവാസ പ്രദേശത്തുവെച്ച് നടത്തിയ ആഘോഷത്തില്‍ വസ്‍തുവകകള്‍ക്ക് നാശനഷ്‍ടം സംഭവിച്ചതായും ദുബൈ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വെടിക്കെട്ട് നടത്തുന്നതും ഈ ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയും  വൈകല്യങ്ങള്‍ക്ക്  കാരണമാവുകയും ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.