വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നെന്നും അതിനാലാണ് ലൈസന്‍സ് നേടാന്‍ സാധിക്കാതിരുന്നതെന്നും അറബ് യുവാവ് പറഞ്ഞു.

അബുദാബി: യുഎഇയിലെ(UAE) ഫുജൈറയില്‍ ട്രാഫിക് സിഗ്നലുകളിലും പൊതുസ്ഥലങ്ങളിലും തേന്‍(honey) വില്‍പ്പന നടത്തിയ അറബ് യുവാവ് വിചാരണ നേരിടുന്നു. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെയാണ് ഇയാള്‍ തേന്‍ വിറ്റത്.

തെരവുകളിലും പൊതുസ്ഥലങ്ങളിലും അറബ് യുവാവ് തേന്‍ വില്‍പ്പന നടത്തുന്ന വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചു. ഔട്ട്‌ലറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ തേന്‍ വിറ്റതെന്നാണ് വിവരം. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെയാണ് തേന്‍ വില്‍പ്പന നടത്തിയതെന്ന് യുവാവ് പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പാകെ സമ്മതിച്ചു. വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നെന്നും അതിനാലാണ് ലൈസന്‍സ് നേടാന്‍ സാധിക്കാതിരുന്നതെന്നും അറബ് യുവാവ് പറഞ്ഞു. ആളുകളോട് ഭിക്ഷ യാചിച്ചിട്ടില്ലെന്നും തേന്‍ വില്‍പ്പന നടത്തുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കിലോയ്ക്ക് 20ദിര്‍ഹം വിലവരുന്ന തേന്‍ വാങ്ങി കിലോയ്ക്ക് 50ദിര്‍ഹത്തിനാണ് വില്‍പ്പന നടത്തിയിരുന്നതെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ വിധി പറയുന്നത് ഫുജൈറ കോടതി നീട്ടി വെച്ചു. യുവാവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരുടെ കൂടി വാദം കേട്ട ശേഷമാകും കോടതി വിധി പ്രഖ്യാപിക്കുക.