ക്യാമറയിലെ ദൃശ്യങ്ങള്‍ ചോരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിച്ചു. പരാതി ലഭിച്ചതോടെ പൊലീസ് വീട്ടിലെത്തി സിസിടിവി ക്യാമറയുടെ സോഫ്റ്റ്‍വെയര്‍ പരിശോധിക്കുകയായിരുന്നു.
ഷാര്‍ജ: വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് ഉടമയറിയാതെ ദൃശ്യങ്ങള്‍ ചോര്‍ത്തിയായാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ആളുകളുള്ള സമയത്തൊക്കെ ഇവരെ ഇയാള്‍ വിദൂരത്തിരുന്ന് വീക്ഷിച്ചുവരികയായിരുന്നുവെന്ന് ഷാര്‍ജ പൊലീസ് ഡിജിറ്റല്‍ അന്വേഷണ വിഭാഗം കണ്ടെത്തി.
മാതാപിതാക്കള്‍ പുറത്തുപോകുന്ന സമയത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു വീട്ടിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നതെന്ന് വീട്ടുമസ്ഥന്‍ പറഞ്ഞു. ഇടയ്ക്ക് ഒരു ക്യാമറ പ്രവര്‍ത്തന രഹിതമായപ്പോള്‍ ഇത് നന്നാക്കാനായി ഭാര്യയാണ് ഒപ്പം ജോലി ചെയ്യുന്ന യുവ എഞ്ചിനീയറുടെ സഹായം തേടിയത്. ഇതനുസരിച്ച് ഇയാള്‍ വീട്ടിലെത്തുകയും ക്യാമറയുടെ തകരാര്‍ പരിഹരിക്കുകയും ചെയ്തു.
കുറച്ചുനാള്‍ കഴിഞ്ഞതോടെ ക്യാമറയിലെ ദൃശ്യങ്ങള്‍ ചോരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിച്ചു. പരാതി ലഭിച്ചതോടെ പൊലീസ് വീട്ടിലെത്തി സിസിടിവി ക്യാമറയുടെ സോഫ്റ്റ്‍വെയര്‍ പരിശോധിക്കുകയായിരുന്നു. ചില ക്യാമറകളിലെ ദൃശ്യങ്ങള്‍ പ്രത്യേക സോഫ്‍റ്റ്‍വെയര്‍ വഴി മറ്റൊരാള്‍ക്ക് അയക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് ക്യാമറ റിപ്പയര്‍ ചെയ്ത എഞ്ചിനീയറെക്കുറിച്ച് അന്വേഷിക്കുകയും സെര്‍ച്ച് വാറണ്ട് വാങ്ങി ഇയാളുടെ താമസ സ്ഥലം റെയ്‍ഡ് ചെയ്യുകയുമായിരുന്നു.
തകരാര്‍ പരിഹരിക്കുന്നതിനിടെ സിസിടിവി സംവിധാനത്തിന്റെ സീരിയല്‍ നമ്പറും പാസ്‍വേഡും കൈക്കലാക്കിയാണ് ഇയാള്‍ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നത്. മൊബൈലില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴിവഴിയും വീട്ടുകാരുടെ എല്ലാ നീക്കങ്ങളും ഇയാള്‍ അറിഞ്ഞിരുന്നു. വീട്ടിലെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‍കും പൊലീസ് പിടിച്ചെടുത്തു. പാസ്‍വേഡും സെക്യൂരിറ്റി കീയും അടക്കമുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഹാക്ക് ചെയ്തതെന്നും താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പരിപാലിക്കാനും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ സമീപിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെ മാത്രമേ ഇത്തരം കാര്യങ്ങള്‍ ഏല്‍പ്പിക്കാനാവൂ. വീടുകളിലെ ബെഡ്‍റൂമുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാതിരിക്കുകയോ അല്ലെങ്കില്‍ ആളുള്ളപ്പോള്‍ അവ ഓഫ് ചെയ്യുകയോ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
