കാത്തിരുന്ന് വാങ്ങിയ പുതിയ ഐഫോൺ 17 വീട്ടിലെത്തി എല്ലാവരുടെയും മുമ്പില്‍ വെച്ച് അൺബോക്സ് ചെയ്യാമെന്ന് കരുതി യുവാവ് ഫോണുമായി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തി അൺബോക്സ് ചെയ്തപ്പോൾ ഞെട്ടിത്തരിച്ച് യുവാവ്.
ദുബൈ: പുതിയ ഐഫോൺ 17 വാങ്ങിയതിന്‍റെ സന്തോഷത്തില്‍ വീട്ടിലെത്തി ബോക്സ് തുറന്നപ്പോള്‍ കണ്ടത് കല്ലുകള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആഗ്രഹിച്ച പോലെ യുഎഇയിലെ അല്‍ ഐനിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് ഐഫോൺ 17 വാങ്ങിയ അഹമ്മദ് സയീദ് എന്ന യുവാവിനാണ് സന്തോഷവും ആകാംക്ഷയും നിമിഷനേരത്തില്‍ നിരാശയായി മാറിയത്. വീട്ടിലെത്തി ബോക്സ് തുറന്നുനോക്കിയപ്പോൾ അതിനകത്ത് കണ്ടത് മൊബൈലിന് പകരം കല്ലുകൾ. സന്തോഷ നിമിഷം ഞെട്ടലായി മാറാൻ അധിക സമയമെടുത്തില്ല.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അൽ ഐനിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നാണ് സയീദ് ഏറ്റവും പുതിയ ഐഫോൺ 17 വാങ്ങിയത്. മിക്ക ഉപഭോക്താക്കളെയും പോലെ, സീൽ ചെയ്ത ബോക്സ് കടയിൽ വെച്ച് തുറക്കാതെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് തുറക്കാൻ അദ്ദേഹം തീരുമാനിച്ചു. അവരുമായി ഈ സന്തോഷം പങ്കിടാന്‍ കാത്തിരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് യഥാർത്ഥ പാക്കറ്റ് പോലെ തോന്നി—മികച്ച രീതിയിൽ സീൽ ചെയ്തത്, അതേ ഭാരം, അതേ പാക്കേജിംഗ്'- സയീദ് അൽ ഖലീജ് ദിനപത്രത്തോട് പറഞ്ഞു. എന്തെങ്കിലും കുഴപ്പമുണ്ടെന്ന് സംശയിക്കാൻ ഒരു വഴിയുമില്ലായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം, ബോക്സ് തുറന്നപ്പോൾ അദ്ദേഹം അമ്പരന്നുപോയി. ഒരു സ്മാർട്ട്‌ഫോണിന്റെ ഭാരത്തിന് തുല്യമായി വെട്ടിയെടുത്ത്, ഭംഗിയായി പായ്ക്ക് ചെയ്ത കല്ലുകളാണ് ബോക്സിനുള്ളിൽ ഉണ്ടായിരുന്നത്. ആ ബോക്സ് നൂറുശതമാനം ഒറിജിനൽ പോലെയിരുന്നെന്ന് സയീദ് പറഞ്ഞു.
വിവരം കടയുടമയെയും അറിയിച്ചു. സംഭവത്തിൽ താനും അത്ഭുതപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. യൂണിറ്റ് ഒരു ഔദ്യോഗിക വിതരണക്കാരനിൽ നിന്നോ അംഗീകൃത റീസെല്ലറിൽ നിന്നോ അല്ല ലഭിച്ചതെന്ന് അദ്ദേഹം സമ്മതിച്ചു. തട്ടിപ്പ് നടത്തിയത് തങ്ങളല്ലെന്ന് പറഞ്ഞെങ്കിലും, വിശ്വസനീയമല്ലാത്ത വിതരണ ശൃംഖലയിലൂടെയാണ് ഫോൺ തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. തുടർന്ന്, കടയുടമ സയീദിന് മുഴുവൻ തുകയും തിരികെ നൽകുകയും വ്യാജ ബോക്സ് തിരിച്ചെടുക്കുകയും ചെയ്തു.


