മൂക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി നടത്തിയ ബോട്ടോക്സ് ചികിത്സയാണ് യുവതിയുടെ ശരീരത്തിന്റെ സ്ഥിരമായ രൂപവൈകൃതത്തിന് കാരണമായത്. വിദഗ്ധ അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് മതിയായ പ്രാവീണ്യമില്ലായിരുന്നെന്നാണ് കണ്ടെത്തിയത്. 

ദുബൈ: മൂക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി നടത്തിയ ചികിത്സക്കൊടുവില്‍ മൂക്ക് വികൃതമായതാടെ വിവാഹം മുടങ്ങിയെന്നും ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും യുവതിയുടെ പരാതി. 32 വയസുകാരിയായ യുവതിയാണ് ചികിത്സ നടത്തിയ ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്ററിനുമെതിരെ ദുബൈ കോടതിയെ സമീപിച്ചത്. വിചാരണയ്‍ക്കൊടുവില്‍ യുവതിക്ക് 50,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.

മൂക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി നടത്തിയ ബോട്ടോക്സ് ചികിത്സയാണ് യുവതിയുടെ ശരീരത്തിന്റെ സ്ഥിരമായ രൂപവൈകൃതത്തിന് കാരണമായത്. വിദഗ്ധ അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് മതിയായ പ്രാവീണ്യമില്ലായിരുന്നെന്നാണ് കണ്ടെത്തിയത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതോടെ മാനസികമായി തകര്‍ന്നുവെന്നും ഒടുവില്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഇവര്‍ പരാതിയില്‍ പറ‍ഞ്ഞു.

മൂക്കില്‍ നടത്തുന്ന റൈനോപ്ലാസ്റ്റി ശസ്‍ത്രക്രിയക്ക് വേണ്ടിയാണ് യുവതി ഒരു മെഡിക്കല്‍ സെന്ററിലെത്തിയത്. എന്നാല്‍ താന്‍ ബോട്ടോക്സ് ഇഞ്ചക്ഷന്‍ നല്‍കാമെന്നും മൂക്കിന്റെ രൂപഭംഗി വര്‍ദ്ധിപ്പിക്കാമെന്നും വാഗ്ദാനം നല്‍കുകയായിരുന്നു. എന്നാല്‍ ഇഞ്ചക്ഷന്‍ കഴിഞ്ഞതോടെ ശക്തമായ തലവേദനയും മൂക്കില്‍ തടിപ്പുമുണ്ടായി. വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ഇഞ്ചക്ഷന്‍ എടുത്ത സ്ഥലത്ത് ഐസ് വെയ്‍ക്കാന്‍ നിര്‍ദേശിച്ചു. വേദനയും തടിപ്പും മാറുമെന്നും ആശ്വസിപ്പിച്ചു. എന്നാല്‍ വേദന ഗുരുതരമായതോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ ഒരു ക്രീമും ചില വേദന സംഹാരികളും നല്‍കി. എന്നാല്‍ യുവതിയുടെ നില കൂടുതല്‍ ഗുരുതരമാവുകയായിരുന്നു. ഇഞ്ചക്ഷനെടുത്ത സ്ഥലത്ത് ഒരു വ്രണം രൂപപ്പെട്ടു. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഒരു സര്‍ജനെ കാണാന്‍ നിര്‍ദേശിക്കുകയും, സര്‍ജന്‍ മുറിവ് വൃത്തിയാക്കി ക്രീം പുരട്ടുകയും ചെയ്‍തു. 

ആശുപത്രിയില്‍ നിന്ന് തിരികെ പോകുന്നതിനിടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതോടെ റാഷിദ് ഹോസ്‍പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സ തേടി. അവിടെ നിന്ന് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ പിഴവാണ് കാരണമെന്ന് മനസിലായതോടെയാണ് പബ്ലിക് പ്രോസിക്യൂഷന് പരാതി നല്‍കിയത്. 

ദുബൈ ഹെല്‍ത്ത് അതോരിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയ പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് പ്രോസിക്യൂഷന്‍, കേസ് അന്വേഷിച്ചത്. തനിക്ക് പ്രാവീണ്യമില്ലാത്ത ചികിത്സയാണ് ഡോക്ടര്‍ നടത്തിയതെന്നും ഇതിന്റെ സാങ്കേതിക ജ്ഞാനം ഡോക്ടര്‍ക്ക് ഇല്ലായിരുന്നെന്നും കമ്മിറ്റി കണ്ടെത്തി. ഇത്തരം ചികിത്സകള്‍ നടത്തുന്ന ഏതൊരു ഡോക്ടറും അറിഞ്ഞിരിക്കേണ്ട പ്രാഥമിക അറിവുകള്‍ പോലും ഡോക്ടര്‍ക്ക് ഇല്ലായിരുന്നെന്നും കമ്മിറ്റി കണ്ടെത്തി. യുവതിയുടെ മൂക്കിന് സ്ഥിരമായ രൂപവൈകൃതം സംഭവിച്ചതായും മൂക്കിന്റെ ആകൃതിക്ക് 10 ശതമാനം വൈകൃതമുണ്ടായെന്നും സമിതി റിപ്പോര്‍ട്ട് ചെയ്‍തു. മതിയായ യോഗ്യതയില്ലാത്ത ഡോക്ടറെ ഇത്തരം ചികിത്സ നടത്താന്‍ അനുവദിച്ചതിന് മെഡിക്കല്‍ സെന്ററിന് പിഴ വിധിച്ചിട്ടുണ്ട്.