ലഗേജില്‍ എന്താണെന്ന് വിമാനത്താവളത്തില്‍ വെച്ച് ഉദ്ദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ കഴിക്കാനുള്ള ഭക്ഷണമാണെന്നായിരുന്നു മറുപടി. 

ദുബായ്: 26.6 കിലോഗ്രാം കഞ്ചാവുമായി ദുബായ് വിമാനത്താവളത്തിലിറങ്ങിയ യുവാവിന് 10 വര്‍ഷം തടവും 1,00,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയിലെത്തിയ നൈജീരിയക്കാരനാണ് 50 പെട്ടികളിലാക്കി ലഗേജിനുള്ളില്‍ സാധാരണ സാധനങ്ങള്‍ കൊണ്ടുവരുന്നത് പോലെ കഞ്ചാവ് കൊണ്ടുവന്നത്.

ലഗേജില്‍ എന്താണെന്ന് വിമാനത്താവളത്തില്‍ വെച്ച് ഉദ്ദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ കഴിക്കാനുള്ള ഭക്ഷണമാണെന്നായിരുന്നു മറുപടി. ലഗേജ് അഴിച്ച് പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ അസ്വസ്ഥനായി. 50 ഓളം ചെറിയ പെട്ടികളായിരുന്നു ലഗേജിലുണ്ടായിരുന്നത്. ആദ്യത്തെ പെട്ടി തുറന്നപ്പോള്‍ തന്നെ കഞ്ചാവ് ശ്രദ്ധയില്‍പെട്ട ഉദ്ദ്യോഗസ്ഥര്‍ പിന്നീട് എല്ലാ പെട്ടികളും തുറന്നുപരിശോധിച്ചു. എല്ലാ പെട്ടികളിലും കഞ്ചാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. താന്‍ നിയമവിരുദ്ധമായി ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും നാട്ടില്‍വെച്ച് ഒരാള്‍ തന്നയച്ച സാധനങ്ങളാണെന്നുമാണ് ഇയാള്‍ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞത്. താന്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇയാള്‍ വാദിച്ചെങ്കിലും മൂത്രം പരിശോധിച്ചതോടെ ഇതും കളവാണെന്ന് പൊലീസിന് മനസിലായി. മൂത്രത്തില്‍ ഹാഷിഷിന്റെ അംശമാണ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.