പതിവ് പരിശോധനക്കിടെ വീട്ടില്‍ നിന്ന് വെള്ളം കയറ്റുന്നത് കണ്ട ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി റെയ്ഡ് നടത്തുകയായിരുന്നു.
ഷാര്‍ജ: സാധാരണ ടാപ്പ് വെള്ളം സംസം വെള്ളമാണെന്ന് പറഞ്ഞ് വില്‍പ്പന നടത്തിയയാള്‍ ഷാര്‍ജയില്‍ പിടിയില്‍. ഒരു താമസസ്ഥലമാണ് അനധികൃതമായി കുപ്പിവെള്ളം തയ്യാറാക്കുന്ന കേന്ദ്രമാക്കി ഇയാള്‍ മാറ്റിയത്. പതിവ് പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു.
തുടര്‍ന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ നിയന്ത്രണ, പരിശോധന വകുപ്പും ആരോഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കുറ്റകൃത്യം കണ്ടെത്തിയതും പ്രതി പിടിയിലായതും. സാധാരണ പരിശോധനക്കിടെ ഒരു വീടിന് സമീപത്ത് നിന്ന് വാഹനത്തില്‍ കുപ്പിവെള്ളം കയറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ വീടിന് അടുത്ത് നിന്ന് പ്രതിയെയും പിടികൂടുകയായിരുന്നു.
സംസം വെള്ളം എന്ന് ലേബല്‍ ചെയ്ത കാര്‍ട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും പരിശോധനയില്‍ പിടിച്ചെടുത്തു. ഉയര്‍ന്ന വിലക്കാണ് ഇയാള്‍ സംസം വെള്ളം എന്ന് തെറ്റിദ്ധരിപ്പിച്ച് സാധാരണ വെള്ളം വിറ്റിരുന്നതെന്ന് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ വെള്ളം നിറച്ച് സോഷ്യൽ മീഡിയ വഴി പ്രചാരം നല്‍കിയായിരുന്നു വില്‍പ്പന.
ഷാർജ മുനിസിപ്പാലിറ്റി നിയമ നടപടിക്രമങ്ങൾ ആരംഭിച്ചതായി അറിയിച്ചു. പരിശോധനയിൽ പിടിയിലായ വ്യക്തിയുടെ ഉടമസ്ഥതയിൽ ലൈസൻസുള്ള കമ്പനിയുടെ പേരിലുള്ള സാമ്പത്തിക ഇൻവോയ്സുകൾ കണ്ടെത്തി. മുനിസിപ്പാലിറ്റി സാമ്പത്തിക വികസന വകുപ്പുമായി ബന്ധപ്പെട്ട് സ്ഥാപനം അടച്ചുപൂട്ടിയിട്ടുണ്ട്. ഷാർജ പൊലീസുമായി സഹകരിച്ച് പ്രതിയെ അന്വേഷണത്തിനായി റഫർ ചെയ്തിരിക്കുകയാണ്. പിടിച്ചെടുത്ത എല്ലാ സാധനങ്ങളും കണ്ടുകെട്ടുകയും നടപടിക്രമങ്ങൾ അനുസരിച്ച് വീട് അടച്ചുപൂട്ടുകയും ചെയ്തു.


