വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഇന്ത്യൻ പൗരന്മാര്‍ക്ക് അവരുടെ ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ പേര് പാസ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ നിര്‍ദ്ദേശം. 

ദുബൈ: വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ പേര് പാസ്പോര്‍ട്ടില്‍ ചേര്‍ക്കാൻ പുതിയ സംവിധാനം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഈ പാസ്പോര്‍ട്ട് നിയമം നടപ്പിലാക്കുന്നതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പുതിയ മാർഗനിർദേശപ്രകാരം, ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റിന് പകരമായി 'അനക്സർ ജെ' എന്ന ഫോം സമർപ്പിച്ചാൽ മതി.

ഇതില്‍ ദമ്പതികൾ വിവാഹിതരാണെന്നും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉൾപ്പെടുത്തണം. ദമ്പതികൾ ഒപ്പിട്ട സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണനാമവും മേൽവിലാസവും, ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട് നമ്പറുകൾ, വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ്, പാസ്പോർട്ട് നൽകുന്നതിൽ നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥർ ഉത്തരവാദിയാകില്ലെന്ന് അറിയിപ്പ് എന്നിവയാണ് അനക്സ്ചർ ജെ. പുതിയ മാര്‍ഗനിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമായി അനക്സ്ചർ ജെ സ്വീകരിച്ച് തുടങ്ങിയതായി കോൺസുലേറ്റ് സ്ഥിരീകരിച്ചു. പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നവർക്കും കുടുംബമായി താമസിക്കുന്നവർക്കും ഏറെ സൗകര്യപ്രദമാണ് ഈ മാറ്റം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം