Asianet News MalayalamAsianet News Malayalam

പ്രണയകാലത്ത് നൽകിയ സമ്മാനങ്ങൾ തിരികെ തന്നില്ല; മുൻകാമുകിയോട് യുവാവിന്റെ വേറിട്ട പ്രതികാരം

യുവതിയുടെയും അവരുടെ ബന്ധുക്കളുടെയും മൂന്നു കാറുകൾ പ്രത്യേക തരം രാസലായനി ഒഴിച്ച് കേടാക്കിയായിരുന്നു യുവാവിന്റെ പ്രതികാരം. 

man damaged ex girlfriends car for not returning gifts which he presented
Author
Dubai, First Published Feb 16, 2020, 9:39 AM IST

ദുബായ്: പ്രണയിക്കുന്ന സമയത്ത് കമിതാക്കൾ പരസ്പരം സമ്മാനങ്ങൾ കൈമാറുന്നത് പതിവാണ്. വാലൻന്റൈൻസ് ഡേയ്ക്കും പിറന്നാൾ ദിനത്തിലുമൊക്കെയാണ് കമിതാക്കൾ കൂടുതലായും സമ്മാനങ്ങൾ കൈമാറുക. തന്റെ പങ്കാളിക്ക് വളരെ സർപ്രൈസ് ആയി സമ്മാനങ്ങൾ നൽകുന്നവരുമുണ്ട്. ഇതിനിടെ പ്രണയം പൊളിഞ്ഞ് രണ്ടുപേരും രണ്ടുവഴിക്കായാൽ അധികമാരും കൊടുത്ത സമ്മാനങ്ങൾ തിരിച്ച് വാങ്ങാൻ നിക്കാറില്ല. എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമാകുകയാണ് ദുബായിൽ നിന്നുള്ളൊരു യുവാവ്. പ്രണയകാലത്ത് നൽകിയ സമ്മാനങ്ങളും പണവും തിരിച്ചു നൽകാത്തതിനെ തുടർന്ന് തന്റെ മുൻ കാമുകിയോട് വ്യത്യസ്തരീതിയിൽ പ്രതികാരം ചെയ്തിരിക്കുകയാണ് യുവാവ്.

യുവതിയുടെയും അവരുടെ ബന്ധുക്കളുടെയും മൂന്നു കാറുകൾ പ്രത്യേക തരം രാസലായനി ഒഴിച്ച് കേടാക്കിയായിരുന്നു യുവാവിന്റെ പ്രതികാരം. അൽ ഖൂസ്‍ ഏരിയയിലായിരുന്നു സംഭവം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ ആരോ രാസലായനി ഒഴിച്ച് കേടാക്കിയിരിക്കുകയാണെന്ന് കാണിച്ച് യുവതി ബർ ദുബായ് പൊലീസിൽ പരാതിപ്പെടുകയായിരുന്നുവെന്ന് ഡയറക്ടർ ബ്രി അബ്ദുല്ല ഖാദിം ബിൻ സുറൂർ പറഞ്ഞു. തുടർന്ന് പൊലീസ് പരാതിയിൽ‌ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

man damaged ex girlfriends car for not returning gifts which he presented

പൊലീസ് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഹെല്‍മറ്റ് ധരിച്ച് മുഖം പാതി കാണുന്നരീതിയിൽ മോട്ടോർ ബൈക്കുകളിലെത്തിയ രണ്ടുപേർ കാറുകൾക്ക് മുകളിൽ രാസലായനി ഒഴിക്കുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇതിനു ശേഷം രണ്ടു പേരും മോട്ടോർ സൈക്കിളിൽ തന്നെ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദൃശ്യങ്ങളിൽ കണ്ട വസ്ത്രങ്ങൾ ധരിച്ച ഒരാളെ പൊതു സ്ഥലത്ത് പൊലീസ് കണ്ടെത്തി. ഇയാളുടെ ശരീര ഭാഷയും മോട്ടോർ ബൈക്കിലെത്തിയ ആളുടേത് പോലെയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മറ്റു രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താൻ കുറ്റകൃത്യം ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
   

Follow Us:
Download App:
  • android
  • ios