ഒറ്റത്തവണ പാസ്‌വേഡ് ആരുമായും പങ്കുവെച്ചിരുന്നില്ല. പക്ഷേ രണ്ട് ഇടപാടുകളിലായി പണം നഷ്ടമാകുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ താമസിക്കുന്ന ഒരു പ്രവാസിക്ക് ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമായത് വന്‍ തുക. ഇതോടെ ഓൺലൈൻ തട്ടിപ്പ് കുവൈത്തിൽ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. വ്യാജ പേയ്‌മെന്‍റ് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
പ്രവാസി സാധാരണ പോലെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ബ്രൗസ് ചെയ്യുകയായിരുന്നു. അതിനിടയിൽ ആകർഷകമായ വിലയിൽ ഒരു ഉൽപ്പന്നത്തിന്‍റെ പരസ്യം ശ്രദ്ധയിൽപ്പെട്ടു. ഉൽപ്പന്നം വാങ്ങാൻ താൽപ്പര്യം തോന്നിയ ഇദ്ദേഹം പേയ്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇടപാട് പൂർത്തിയാക്കാൻ ശ്രമിച്ചു. എന്നാൽ ഇടപാട് പരാജയപ്പെട്ടുവെന്ന സന്ദേശം മാത്രം ലഭിച്ചു. ഉടൻ തന്നെ തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് വ്യത്യസ്ത ഇടപാടുകളായി മൊത്തം 226 ദിനാർ പിൻവലിക്കപ്പെട്ടതായി സന്ദേശം ലഭിക്കുകയും ചെയ്തു. ശ്രദ്ധേയമായ കാര്യം (OTP) ആരുമായി പങ്കുവെച്ചിരുന്നില്ല എന്നതാണ്. കേസിന് 149/2025 എന്ന നമ്പറിൽ ജഹ്‌റ പോലീസ് സ്‌റ്റേഷനിൽ നിയമപരമായ നടപടി തുടങ്ങിയതായി അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കിയതായി സുരക്ഷാ സ്രോതസ്സുകൾ വ്യക്തമാക്കി.
