134 കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്ന യുവാവ് കാമുകിയുടെ മാതാപിതാക്കളെ പ്രീതിപ്പെടുത്തുന്നതിനായാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം പെട്ടെന്ന് ആരോഗ്യനില വഷളാകുകയായും മരണപ്പെടുകയുമായിരുന്നു.
ബീജിംഗ്: കാമുകിയുടെ മാതാപിതാക്കളെ പ്രീതിപ്പെടുത്തുന്നതിനായി ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചൈനീസ് യുവാവ് മരിച്ചു. ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റാ’ണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ലി ജിയാങ് (യഥാർത്ഥ പേരല്ല) എന്ന 36കാരനാണ് മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
174 സെന്‍റീമീറ്റർ ഉയരമുണ്ടായിരുന്ന ഇയാൾക്ക് 134 കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്നു. അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണരീതികളും കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു ലി ജിയാങ്. വിവാഹത്തിന് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായി കാമുകിയുടെ കുടുംബത്തെ കാണുന്നതിന് മുമ്പ് വണ്ണം കുറയ്ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വേഗത്തിൽ ഭാരം കുറയ്ക്കുന്നതിനായി ലി ജിയാങ് ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ തിരഞ്ഞെടുക്കുകയായിരുന്നു.
സെപ്തംബർ 30-ന് ഇദ്ദേഹത്തെ ഷെങ്ഷൗവിലെ നയൻത് പീപ്പിൾസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 2-ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പ്രാഥമിക പോസ്റ്റ്-ഓപ്പറേറ്റീവ് പരിചരണത്തിനായി ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷം ഒക്ടോബർ 3-ന് അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റി. എന്നാൽ, ഒക്ടോബർ 4-ന് ആരോഗ്യനില പെട്ടെന്ന് വഷളായി. പിറ്റേന്ന് രാവിലെ ശ്വാസമെടുക്കുന്നത് നിലച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് തിരികെ മാറ്റിയെങ്കിലും അടിയന്തര ചികിത്സ നൽകിയിട്ടും ഒക്ടോബർ 5-ന് ശ്വാസകോശ സംബന്ധമായ തകരാർ മൂലം ലി ജിയാങ് മരണപ്പെട്ടു.
മെഡിക്കൽ രേഖകൾ അനുസരിച്ച്, കഴിഞ്ഞ ഒരു വർഷമായി ലി ജിയാങിന് ഭാരം കൂടുന്നതായും ഉറക്കത്തിൽ കൂർക്കംവലി ഉണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, ഇദ്ദേഹത്തിന് മെറ്റബോളിക് സിൻഡ്രോം, ഹൈപ്പർടെൻഷൻ, ഫാറ്റി ലിവർ എന്നിവയും നേരത്തെ കണ്ടെത്തിയിരുന്നു. ശരിയായ പ്രീ-സർജറി വിലയിരുത്തലും കൃത്യസമയത്തുള്ള പോസ്റ്റ്-ഓപ്പറേറ്റീവ് പരിചരണവും നൽകിയിരുന്നോ എന്ന് കുടുംബം ചോദ്യം ചെയ്തു. എന്നാൽ, ക്ലിനിക്കൽ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും അടിയന്തര പരിചരണം ഉടൻ നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പെട്ടെന്ന് ആരോഗ്യനില വഷളായതിന്‍റെ കാരണം കണ്ടെത്താനായി പോസ്റ്റ്മോർട്ടം നടത്താൻ ഇരു വിഭാഗവും പ്രാദേശിക ആരോഗ്യ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരണകാരണം നിർണ്ണയിക്കുന്നതിനുള്ള ഏറ്റവും ആധികാരികമായ അടിസ്ഥാനം അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആയിരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റിപ്പോർട്ടിന്‍റെ ഫലങ്ങൾക്കും പ്രസക്തമായ നിയമങ്ങൾക്കും അനുസരിച്ച് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.


